India News

പ്രിയങ്ക ഗാന്ധിക്കെതിരായ വിവാദ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് ബിജെപി നേതാവ് രമേഷ് ബിധുരി

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിക്കെതിരായ വിവാദ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് ബിജെപി നേതാവ് രമേഷ് ബിധുരി. തന്‍റെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും വാക്കുകൾ പിൻവലിക്കുകകയാണെന്നും രമേശ് ബിധുരി പറഞ്ഞു.

ഇത്തരം പ്രസ്താവനകൾ മുൻപ് പല നേതാക്കളിൽ നിന്നും ഉണ്ടായിട്ടുണ്ടെന്ന് രമേഷ് ബിധുരി ചൂണ്ടിക്കാട്ടി. എന്നാൽ അന്നൊക്കെ കോൺഗ്രസ് മൗനം പാലിച്ചു. ലാലു പ്രസാദ് യാദവ് പറഞ്ഞതിൻ്റെ പശ്ചാത്തലത്തിലാണ് താൻ അത് പറഞ്ഞത്. അന്ന് പ്രശ്നങ്ങൾ സൃഷ്ടിക്കാത്തവർ ഇന്ന് എതിർപ്പ് ഉയർത്തിയെന്നും രമേഷ് ബിധുരി വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൽ ജയിച്ചാൽ റോഡുകൾ പ്രിയങ്ക ഗാന്ധിയുടെ കവിളുകൾ പോലെ മൃദുലമാക്കും എന്നായിരുന്നു രമേഷ് ബിധുരിയുടെ വിവാദ പരാമർശം. ഡൽഹി കൽക്കാജി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കൂടിയാണ് രമേശ് ബിധുരി. പ്രസ്താവന വിവാദമായതിന് പിന്നാലെ ബിധുരി മാപ്പു പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

ബിജെപി സ്ത്രീ വിരുദ്ധ പാർട്ടിയാണെന്നും ഒരു ജനപ്രതിനിധിയിൽ നിന്ന് ഇത്തരത്തിലുള്ള വാക്കുകൾ കേൾക്കുന്നത് ലജ്ജാകരമാണെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനതെ പറഞ്ഞിരുന്നു. ഇതാണ് ബിജെപിയുടെ യഥാർത്ഥ മുഖം. ബിധുരിയുടെ വാക്കുകൾ അയാളുടെ മനോനിലയാണ് സൂചിപ്പിക്കുന്നതെന്നും സുപ്രിയ ശ്രീനതെ വിമർശിച്ചിരുന്നു.

Related Posts

Leave a Reply