Kerala News

വര്‍ഗീയശക്തികളോട് മുസ്ലിം ലീഗ് കീഴപ്പെട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

വര്‍ഗീയശക്തികളോട് മുസ്ലിം ലീഗ് കീഴപ്പെട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രിയുടെ വിമര്‍ശനം. സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിലാണ് മുസ്ലിംലീഗിനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചത്. കോണ്‍ഗ്രസ് വര്‍ഗീയ പാര്‍ട്ടികളുമായി കൂട്ടുകൂടി തകര്‍ന്നുവെന്നും നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിയ്ക്കാന്‍ സി പി എം തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം സിപിഐഎം സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കേന്ദ്ര നിലപാടുകളെയും നവ ഉദാരവല്‍ക്കരണത്തെയും വിമര്‍ശിച്ചായിരുന്നു മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. പിന്നീട് കോണ്‍ഗ്രസിനെയും മുസ്ലിം ലീഗിനെയും കടന്നാക്രമിച്ചു. വര്‍ഗീയതയെ വര്‍ഗീയത കൊണ്ട് നേരിടാനാവില്ല, ഇരുട്ടിനെ ഇരുട്ടുകൊണ്ട് നേരിട്ടാല്‍ കൂരിരുട്ടാണ് ഫലം. ജമാഅത്ത് ഇസ്ലാമിമായും എസ്ഡിപിഐയുമായും വല്ലാത്ത പ്രതിപത്തിയാണ് ലീഗിനെന്നും ഇത് വലിയ ദുരന്തം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് വര്‍ഗീയ പാര്‍ട്ടികളുമായി കൂട്ടുകൂടി തകര്‍ന്നു. ഇത് മുസ്ലിം ലീഗ് പാഠമാക്കണം. വര്‍ഗീയത നിങ്ങളെത്തന്നെ വിഴുങ്ങി എന്നു വരുമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. മലപ്പുറം സി പി ഐ എമ്മിനെ ഇനി വി .പി അനില്‍ നയിക്കും. സമ്മേളനത്തില്‍ ഏകകണ്ഠമായിരുന്നു തീരുമാനം. പാര്‍ട്ടിയിലെ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയവും പൊതു സ്വീകാര്യതയുമാണ് അനുകൂലമായത്. പുതിയ കമ്മിറ്റിയില്‍ 38 അംഗങ്ങളില്‍ 12 പുതുമുഖങ്ങളാണ് ഉള്ളത്.

Related Posts

Leave a Reply