Kerala News

മാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കിനിടയാക്കിയ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി: ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കിനിടയാക്കിയ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സ്റ്റേജ് നിര്‍മാണത്തിലെ അപാകതയ്‌ക്കെതിരെ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നൃത്തപരിപാടി സംഘടിപ്പിച്ചതെന്ന് എഫ്‌ഐആറില്‍ പറയുന്നു. സ്റ്റേജ് നിര്‍മാണ കരാറുകാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി തന്നെ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം അപകടമുണ്ടായ സ്ഥലം പരിശോധിച്ചിരുന്നു. പതിനൊന്ന് അടി ഉയരത്തിലാണ് ഗാലറി ക്രമീകരിച്ചിരുന്നത്. 55 അടി നീളമുള്ള സ്റ്റേജില്‍ എട്ടടി വീതിയിലാണ് കസേരകള്‍ ഇടാന്‍ സ്ഥലമൊരുക്കിയത്. ദുര്‍ബലമായ ക്യൂ ബാരിയേര്‍ഡ് ഉപയോഗിച്ചായിരുന്നു മുകളില്‍ കൈവരി ഒരുക്കിയിരുന്നത്. ഇത് സംബന്ധിച്ച് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ഡിജിപിയുടെ ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

ഇന്നലെ വൈകിട്ടാണ് കൊച്ചി കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍വെച്ചുണ്ടായ അപകടത്തില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്. തലയ്ക്കും ശ്വാസകോശത്തിനും അടക്കം പരിക്കേറ്റിരുന്നു. നിലവില്‍ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ് ഉമാ തോമസ് എംഎല്‍എ. തലയ്ക്ക് ഗുരുതര പരിക്കുണ്ടെങ്കിലും അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നാണ് മെഡിക്കല്‍ ബുള്ളറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Related Posts

Leave a Reply