Kerala News

കൊല്ലം കുണ്ടറയിൽ അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ പ്രതിയെ നാല് മാസം കഴിഞ്ഞിട്ടും പിടികൂടാനായിട്ടില്ല

കുണ്ടറ: കൊല്ലം കുണ്ടറയിൽ അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ പ്രതിയെ നാല് മാസം കഴിഞ്ഞിട്ടും പിടികൂടാനായിട്ടില്ല. പടപ്പക്കര സ്വദേശിയായ അഖിൽ സംസ്ഥാനം വിട്ടതിന്‍റെ തെളിവുകൾ പൊലീസ് ശേഖരിച്ചിരുന്നു. ഫോണും സമൂഹ മാധ്യമങ്ങളും ഉപയോഗിക്കാതെ നിരന്തരം സഞ്ചരിച്ചാണ് പ്രതി അന്വേഷണ സംഘത്തെ വെല്ലുവിളിക്കുന്നത്. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടിട്ട് നൽകാത്തതിനായിരുന്നു ലഹരിമരുന്നിന് അടിമയായ അഖിൽ അമ്മ പുഷ്പലതയുടെയും മുത്തച്ഛൻ ആന്‍റണിയുടെയും ജീവനെടുത്തത്.

ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് മകൻ ഉപദ്രവിക്കുകയാണെന്ന് സെപ്തംബർ പതിനാറാം തീയതി പുഷ്പലത കുണ്ടറ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് വീട്ടിൽ എത്തി അഖിലിന് മുന്നറിയിപ്പ് നൽകി. എന്നാൽ പൊലീസിനെ വിളിച്ചത് അഖിലിന്റെ വൈരാഗ്യം കൂട്ടി. ആ പകയാണ് അന്ന് രാത്രി അരുംകൊലയ്ക്ക് വഴിവെച്ചത്. കട്ടിലിൽ കിടക്കുകയായിരുന്ന അമ്മയെ തലയണ കൊണ്ട് അഖിൽ ശ്വാസം മുട്ടിച്ചു. നിലത്തു വീണ പുഷ്പലതയുടെ തലയിൽ ചുറ്റിക കൊണ്ട് അടിച്ചു. കൂർത്ത ആയുധം കൊണ്ട് മുഖത്ത് കുത്തി. ചോരവാർന്ന് പുഷ്പലത മരിക്കുന്നത് ലഹരിക്കടിമയായ അഖിൽ കണ്ടുനിന്നു.

തൊട്ടടുത്ത മുറിയിലായിരുന്ന പുഷ്പലതയുടെ അച്ഛൻ ആന്‍റണിയെയും പ്രതി വെറുതെ വിട്ടില്ല. മുത്തച്ഛനെയും അഖിൽ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി. പഞ്ചാബിൽ പഠിക്കുന്ന പുഷ്പലതയുടെ മകൾ രാവിലെ അമ്മയെ ഫോൺവിളിച്ചിട്ട് കിട്ടാതായതോടെ അയൽവാസിയെ ബന്ധപ്പെട്ടപ്പോഴാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്. ഫോൺ കോളിന് പിന്നാലെ  വീട്ടിൽ എത്തി പരിശോധിച്ച അയൽക്കാരിയാണ് ജീവനറ്റ് കിടന്ന പുഷ്പലതയെയും രക്തം വാർന്ന് അവശനായ ആന്‍റണിയെയും കണ്ടത്. ഉടനെ തന്നെ വിവരം നാട്ടുകാരേയും പൊലീസിലും അറിയിക്കുകയായിരുന്നു.

നാട്ടുകാരും പൊലീസും ചേർന്ന് ആന്‍റണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തിന് പിന്നാലെ പുഷ്പലതയുടെ ഫോൺ വിൽക്കാൻ മൊബൈൽ കടയിൽ എത്തിയ അഖിലിന്‍റെ ദൃശ്യങ്ങൾ അടക്കം പൊലീസ് ശേഖരിച്ചിരുന്നു. അവിടെ നിന്ന് ബസിൽ കയറിയ പ്രതിയുടെ യാത്ര സംസ്ഥാനത്തിന് പുറത്തേക്കായിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടക്കം ഒറ്റയ്ക്ക് യാത്ര നടത്തി ശീലമുണ്ടായിരുന്ന പ്രതി രക്ഷപ്പെടാൻ മറ്റൊന്ന് ആലോചിച്ചില്ല. മണാലിയിൽ മുമ്പ് 45 ദിവസം അഖിൽ താമസിച്ചിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു.

രണ്ട് സംഘങ്ങളായി കുണ്ടറ പൊലീസ് പല സംസ്ഥാനങ്ങളിലും അഖിലിനായി തെരച്ചിൽ നടത്തി. ഏറ്റവും ഒടുവിൽ ഡൽഹിയിലാണ് അഖിലിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഡൽഹിയിലെ എടിഎമ്മിൽ നിന്ന് പുഷ്പലതയുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം പ്രതി പിൻവലിച്ചിരുന്നു. സ്വന്തം ഫോണും അഖിൽ വിറ്റെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ ഫോൺ ലൊക്കേഷനിലൂടെ പ്രതിയെ കണ്ടെത്താനുള്ള പൊലീസിന്‍റെ ശ്രമവും പരാജയപ്പെട്ടു. അന്വേഷിച്ച് ചെല്ലാനുള്ള എല്ലാ പഴുതുകളും അടച്ചാണ് അഖിൽ രക്ഷപ്പെട്ടിരിക്കുന്നത്. സംഭവം നടന്ന് 4 മാസമായിട്ടും പൊലീസ് അന്വേഷണം ഇരുട്ടിലാണ്.

Related Posts

Leave a Reply