മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ സുപ്രധാന കഥാപാത്രങ്ങള്‍ പലതും എംടി വാസുദേവന്‍ നായരുടേതാണ്.എംടിയുടെ കഥാപാത്രങ്ങള്‍ക്ക് മമ്മൂട്ടി ജീവന് പകര്‍ന്നപ്പോഴെല്ലാം ഇരുവര്‍ക്കും ഇടയിലെ വിസ്മയിപ്പിക്കുന്ന ഇഴയടുപ്പം നമ്മള് അനുഭവിച്ചു… വടക്കന്‍ പാട്ടുകളില്‍ ക്രൂരനും ചതിയനുമായ ചന്തുവിന് നായകപരിവേഷമാണ് എം ടി നല്‍കിയത്. അതുവരെ കണ്ടുംകേട്ടും പരിചയിച്ച കഥകളില്‍ നിന്ന് തികച്ചും വ്യത്യസ്തം. എംടിയുടെ തൂലികയില്‍ വടക്കന്‍ പാട്ടിലെ കഥാപാത്രങ്ങള്‍ പുനര്‍ജനിച്ചപ്പോള്‍ പ്രേക്ഷകര്‍ അത് രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു. മുഖസൗന്ദര്യവും ആകാരസൗഷ്ഠവവും ഒത്തുചേര്‍ന്ന ചന്തുവിന്റെ രൂപം മമ്മൂട്ടിയെന്ന മഹാനടന്റെ കയ്യില്‍ ഭദ്രമായിരുന്നു. മലയാളസിനിമക്കും മമ്മൂട്ടിക്കും നിരവധി നേട്ടങ്ങള്‍ നേടിക്കൊടുത്തു ഒരു വടക്കന്‍ വീരഗാഥ. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പടപൊരുതിയ പഴശ്ശിരാജയുടെ ചരിത്രം എംടിയുടെ തിരക്കഥയില്‍ ഹരിഹരന് ചലച്ചിത്രമാക്കിയപ്പോള്‍ കേരളവര്‍മ പഴശ്ശിരാജയായി മമ്മൂട്ടി എത്തി. പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്. മനുഷ്യന് തനിച്ചല്ല മരിക്കുന്നത്. ജീവിച്ചിരിക്കുമ്പോഴാണ് അവന് തനിയെ. മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന രവിശങ്കറെന്ന കഥാപാത്രം രവിശങ്കര്‍ എന്ന കഥാപാത്രം മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. സ്ത്രീപരുഷബന്ധത്തിലെ സങ്കീര്‍ണതകളും മനുഷ്യന്റെ നിസ്സഹായതയും പറഞ്ഞ അനുബന്ധം, ആള്‍ക്കൂട്ടത്തില്‍ തനിയെ അങ്ങനെ എത്രയെത്ര കഥാപാത്രങ്ങള്‍.. എംടിയുടെ കഥാപാത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പ് അവസാനിക്കുന്നില്ല. ഇനിയും ഇനിയും ആ കാത്തിരിപ്പ് തുടരും. ഇത് മമ്മൂട്ടിയെന്ന മഹാനടന്റെ മാത്രം വാക്കുകളല്ല. വെള്ളിത്തിരയില്‍ എംടിയുടെ ഒരു കഥാപാത്രത്തെയെങ്കിലും ലഭിക്കാന്‍ ആഗ്രഹിക്കാത്ത അഭിനേതാക്കളില്ല. അക്ഷരാര്‍ത്ഥത്തില്‍ മലയാളിയുടെ സ്വകാര്യഅഹങ്കാരമായിരുന്നു എംടി.