ഇടുക്കി: കട്ടപ്പന റൂറൽ ഡെവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കിയ സംഭവത്തിൽ ജീവനക്കാർക്ക് സസ്പെൻഷൻ. ജീവനൊടുക്കിയ സാബു ആത്മഹത്യാക്കുറിപ്പിൽ പരാമാർശിച്ച മൂന്ന് പേരെയാണ് സസ്പെൻഡ് ചെയ്തത്. റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജാ മോൾ ജോസ്, ജൂനിയർ ക്ലാർക്ക് ബിനോയ് ജോസ് എന്നിവർക്കെതിരെയാണ് നടപടി. ബോർഡ് മീറ്റിംഗ് കൂടിയാണ് സസ്പെൻഷൻ തീരുമാനിച്ചത്.
ഭാര്യയുടെ ചികിത്സയ്ക്കായാണ് ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെട്ടതെന്നായിരുന്നു സാബു ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിരുന്നത്. ബാങ്ക് ജീവനക്കാർ പണം നൽകാൻ തയ്യാറായില്ലെന്നും തന്നെ പിടിച്ചുതള്ളുകയും അസഭ്യം പറയുകയും ചെയ്തുവെന്നും കുറിപ്പിൽ പറഞ്ഞിരുന്നു. തന്റെ സമ്പാദ്യം മുഴുവനും ബാങ്കിൽ നിക്ഷേപിച്ചിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് ആണെന്നും കത്തിൽ ഉണ്ടായിരുന്നുകട്ടപ്പന മുളപ്പാശ്ശേരിയിൽ സാബുവാണ് ജീവനൊടുക്കിയത്. കട്ടപ്പന റൂറൽ ഡെവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പിലാണ് സാബു ജീവനൊടുക്കിയത്. സാബു ഇന്നലെ ബാങ്കിലെത്തി നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് ലഭിക്കാതായതോടെ ജീവനൊടുക്കുകയായിരുന്നു. വ്യാപാരിയാണ് മരിച്ച സാബു. കിടപ്പുരോഗികളായ മാതാപിതാക്കൾക്കും ചികിത്സയിലുള്ള ഭാര്യയ്ക്കും ഏക ആശ്രയമായിരുന്നു സാബു.