ശബരിമലയിൽ വീണ്ടും പന്നിയുടെ ആക്രമണം. ദർശനത്തിനെത്തിയ 9 വയസുകാരനെ ആക്രമിച്ചു. ആലപ്പുഴ സ്വദേശി ശ്രീഹരിയുടെ കാലിന് ഗുരുതര പരുക്ക്. സന്നിധാനം കെഎസ്ഇബി ഓഫീസിന് മുന്നിലാണ് സംഭവം. വലിയ നടപ്പന്തലിലേക്ക് നടക്കവേ പന്നി പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു.വലതുകാലിന്റെ മുട്ടിന് പരിക്കേറ്റ കുട്ടിയെ സന്നിധാനം ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം ശബരിമല മണ്ഡല മഹോത്സവവുമായി ബന്ധപ്പെട്ട് ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ഡിസംബർ 25,26 തിയതികളിൽ വെർച്വൽ ക്യൂ, തൽസമയ ബുക്കിങ്ങുകളിൽ(സ്‌പോട്ട് ബുക്കിങ്) ക്രമീകരണം.
തങ്കഅങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തുന്ന ഡിസംബർ 25ന് 50000 തീർഥാടകരെയും മണ്ഡലപൂജാ ദിവസമായ ഡിസംബർ 26ന് 60000 തീർഥാടകരെയുമാണ് വെർച്വൽ ക്യൂ വഴി ദർശനത്തിന് അനുവദിക്കുകയെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. ഈ രണ്ടുദിവസങ്ങളിലും 5000 തീർഥാടകരെ വീതമായിരിക്കും തത്സസമയ ഓൺലൈൻ ബുക്കിങ്ങിലൂടെയും ദർശനത്തിന് അനുവദിക്കുക.
അതേസമയം മണ്ഡലമഹോത്സവത്തിന് സമാപനം കുറിച്ചു നട അടയ്ക്കാൻ ആറുനാൾ ശേഷിക്കേ ശബരിമലയിൽ പ്രതിദിനം എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വീണ്ടും വർധന. വെള്ളിയാഴ്ച(ഡിസംബർ 20) 96,853 പേരാണ് ശബരിമലയിലെത്തിയത്. സ്‌പോട്ട് ബുക്കിങ്ങിലൂടെ മാത്രം 22,203 പേരെത്തി. വെർച്വൽ ക്യൂ വഴി 70000 ബുക്കിങ്ങാണ് അനുവദിച്ചത്.
പുൽമേട് വഴി 3852 പേരും എത്തി. വ്യാഴാഴ്ച (ഡിസംബർ 19), 96,007 ഭക്തരാണ് ശബരിമല ദർശനത്തിനെത്തിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്‌പോട്ട് ബുക്കിങ് 22000 കടക്കുന്നത്. 22,121 പേരാണ് വ്യാഴാഴ്ച സ്പോട്ട് ബുക്കിങ്ങിലൂടെ എത്തിയത്.
ഇന്ന് (ഡിസംബർ 21) രാവിലെ എട്ടുമണിവരെയുള്ള കണക്ക് അനുസരിച്ച് 31507 പേരാണ് വെർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിങ് കണക്കുപ്രകാരം എത്തിയിട്ടുള്ളത്. സ്‌പോട്ട് ബുക്കിങ് 7718 ആണ്. ഭക്തജനത്തിരക്കേറുമ്പോഴും അധിക നിയന്ത്രണങ്ങൾ ഒന്നും തന്നെ ഏർപ്പെടുത്താതെ സുഗമദർശനം സാധ്യമാക്കാൻ കഴിയുന്നുണ്ട്. മണ്ഡലപൂജയ്ക്കു ശേഷം ഡിസംബർ 26ന് വൈകിട്ടാണ് നട അടയ്ക്കുന്നത്. പിന്നീട് മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറക്കും.