തിരുവനന്തപുരം: ഗതാഗത നിയമ ലംഘകരെ പൂട്ടാൻ തയാറെടുത്ത് പൊലീസും. സംസ്ഥാനത്ത് അപകടങ്ങളും ഗതാഗത നിയമ ലംഘനങ്ങളും വർദ്ധിച്ച സാഹചര്യത്തിൽ എഐ ക്യാമറകൾ സ്ഥാപിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. റിപ്പോർട്ട് തയാറാക്കാൻ ട്രാഫിക്ക് ഐജിക്ക് നിർദേശം നൽകിയിരിക്കുകയാണ്. എഡിജിപി മനോജ് എബ്രഹാം വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനമായത്.
മോട്ടോർവാഹന വകുപ്പ് സ്ഥാപിച്ച 675 ക്യാമറകളാണ് ഇപ്പോൾ നിരത്തുകളിലുള്ളത്. മോട്ടോർവാഹന വകുപ്പിൻറെ ക്യാമറകൾ എത്തപ്പെടാത്ത ഇടങ്ങൾ കേന്ദ്രീകരിച്ചാകും പൊലീസ് ക്യാമറകൾ സ്ഥാപിക്കുക. എഐ ക്യാമറകളുടെ എണ്ണം കൂട്ടാൻ നേരത്തേ മോട്ടോർവാഹന വകുപ്പ് തീരുമാനിച്ചിരുന്നു.
എന്നാൽ കരാർ എടുത്ത കെൽട്രോൺ ഏറ്റെടുത്ത ഉപകരാറുകൾ വിവാദമാവുകയും പദ്ധതി ഉപേക്ഷിക്കുകയുമായിരുന്നു. 165 കോടിയാണ് ആദ്യഘട്ട എഐ ക്യാമറകൾ സ്ഥാപിക്കാനായി ചെലവായത്. ആദ്യ വർഷം പിഴയായി 78 കോടിയും ലഭിച്ചിരുന്നു.
മോട്ടോർ വാഹന നിയമപ്രകാരം ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴചുമത്താൻ മോട്ടോർ വാഹന വകുപ്പിനും പൊലീസിനും തുല്യ അധികാരമാണുള്ളത്.