കോഴിക്കോട്: നഴ്സിങ് വിദ്യാർഥിനി ലക്ഷ്മി രാധാകൃഷ്ണന്റെ ദുരൂഹ മരണത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. കോഴിക്കോട് സർക്കാർ നഴ്സിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനിയായ കോട്ടയം സ്വദേശി ലക്ഷ്മി രാധാകൃഷ്ണനെ ചൊവ്വാഴ്ച ഉച്ചയോടെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിലാണ് ലക്ഷ്മിയെ കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റുമോർട്ടം നടപടികൾ ബുധനാഴ്ച നടത്താനാണ് തീരുമാനം.
കോഴിക്കോട് സർക്കാർ നഴ്സിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായ ലക്ഷ്മി രാധാകൃഷ്ണൻ ഇന്ന് ക്ലാസിൽ പോയിരുന്നില്ല. അസുഖമായതിനാൽ ഇന്ന് അവധിയെടുക്കുന്നുവെന്നാണ് ലക്ഷ്മി അറിയിച്ചത്. എന്നാൽ ലക്ഷ്മി താമസിക്കുന്ന ഹോസ്റ്റൽ മുറി വൃത്തിയാക്കാൻ പതിനൊന്നരയോടെ ആളുകൾ വന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിലെ ഫാനിൽ ഷാൾകെട്ടി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. എന്താണ് മരണത്തിലേക്ക് നയിച്ചത് എന്ന് വ്യക്തമല്ല.
മെഡിക്കൽ കോളേജിന് പിറക് വശത്തെ കെ എം കൃഷ്ണൻകുട്ടി റോഡിലെ ബക്കർ വില്ല എന്ന ഹോസ്റ്റലിലാണ് ലക്ഷ്മി രാധാകൃഷ്ണൻ താമസിച്ചിരുന്നത്. മെഡിക്കൽ കോളേജ് പൊലീസ് എത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ ബന്ധുക്കൾ എത്തിയ ശേഷമാകും പോസ്റ്റുമോർട്ടം പൂർത്തിയാക്കുക.