Kerala News

രണ്ടാം വന്ദേഭാരത് തിരുവനന്തപുരത്തെത്തി

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് രണ്ടാം വന്ദേ ഭാരത് ട്രെയിൻ തിരുവനന്തപുരത്തെത്തി. ചെന്നൈയിൽ നിന്നാണ് തിരുവനന്തപുരം കൊച്ചുവേളിയിൽ ട്രെയിൻ എത്തിയത്. ഈ മാസം 24-നാണ് രണ്ടാം വന്ദേ ഭാരതിന്റെ ഉദ്ഘാടനം. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് സർവീസ്.

ഇന്നലെ ഉച്ചക്ക് ശേഷമാണ് ട്രെയിൻ ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ടത്. വെള്ളയും നീലയും നിറത്തിലുള്ള രണ്ട് വന്ദേഭാരത് ട്രെയിനുകൾ കൂടി ബേസിൻ ബ്രിഡ്ജിൽ തയ്യാറായിരുന്നെങ്കിലും ഡിസൈൻ മാറ്റം വരുത്തിയ പുതിയ നിറത്തിലുളള വന്ദേഭാരതാണ് കേരളത്തിന് അനുവദിച്ചത്. ആകെ 8 കോച്ചുകളുണ്ട്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിവിധ റൂട്ടുകളിലായി 9 വന്ദേഭാരത് സര്‍വീസുകള്‍ വീ‍ഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം ചെയ്യും.

അതേസമയം കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ സമയക്രമം ആയിട്ടുണ്ട്. കാസർഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തിനായിരിക്കും സർവീസ്. രാവിലെ ഏഴു മണിക്ക് കാസർഗോഡ് നിന്ന് തിരിക്കുന്ന ട്രെയിൻ ഉച്ച കഴിഞ്ഞ് 3:05 ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 4:05ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് രാത്രി 11:55ന് കാസർഗോഡ് എത്തുന്ന നിലയിലാകും സർവീസ്. ആഴ്ചയിൽ 6 ദിവസം സർവീസ് ഉണ്ടാകും. തിരുവനന്തപുരത്തിനും കാസർകോടിനും പുറമെ കൊല്ലം, ആലപ്പുഴ , എറണാകുളം സൗത്ത് , തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ്‌ ഉണ്ടാകും എന്നാണ് നിലവിലെ അറിയിപ്പ്. ടിക്കറ്റ് ബുക്ക് ചെയ്തുള്ള യാത്രാ സര്‍വീസ് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തുടങ്ങുമെന്നാണ് സൂചന.

Related Posts

Leave a Reply