കൊച്ചി: കുത്താൻ വന്ന പോത്തിന്റെ കൊമ്പിൽ പിടിച്ചുനിർത്തി, യുവതിയുടെ ജീവൻ രക്ഷിച്ച സ്ത്രീയ്ക്ക് അഭിനന്ദനപ്രവാഹം. മഹിളാ കോൺഗ്രസ് കീഴ്മാട് മണ്ഡലം പ്രസിഡന്റും മുൻ പഞ്ചായത്ത് അംഗവുമായ അച്ചാമ്മ സ്റ്റീഫനാണ് ഒരു യുവതിയുടെ ജീവൻ രക്ഷിച്ചത്.
താമസസ്ഥലത്തേക്ക് പോകുകയായിരുന്ന 21കാരിക്ക് നേരെയാണ് പോത്ത് ആക്രമിക്കാനായി ഓടിയടുത്തത്. യുവതിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അച്ചാമ്മ, മറ്റൊന്നും ചിന്തിക്കാതെ പോത്തിന്റെ കൊമ്പിൽ പിടിച്ച്, അതിനെ മുന്നോട്ടുപോകാനാകാത്ത വിധം തടഞ്ഞുനിർത്തി. ഇതിനിടെ നാട്ടുകാർ സഹായിക്കാൻ ശ്രമിച്ചെങ്കിലും പോത്ത് അക്രമകാരിയാകുമെന്ന് തോന്നിയതോടെ പിന്തിരിയുകയായിരുന്നു. പിന്നീട് അവിടെയെത്തിയ ഒരു തമിഴ്നാട് സ്വദേശിയാണ് പോത്തിനെ കീഴ്പ്പെടുത്തിയത്. അച്ചാമ്മയുടെ കൈകൾക്ക് പരുക്കുകളുണ്ട്.