കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ മുൻമന്ത്രി എസി മൊയ്തീനെ പ്രതിചേർക്കാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. മൊയ്തീനെതിരായ നടപടികൾ അന്തിമ ഘട്ടത്തിലാണ്. ആവശ്യമായ തെളിവുകൾ ഉണ്ടെന്ന് ഇഡി വിലയിരുത്തൽ.
അതേസമയം, ഓഫീസിൽ പോലീസെത്തിയതിൽ ഇഡിയ്ക്ക് കടുത്ത അതൃപ്തിയാണ്. മുന്നറിയിപ്പില്ലാതെ പൊലീസെത്തിയതാണ് ഇഡിയെ ചൊടിപ്പിച്ചത്. ഡൽഹിയിൽ നിന്നുള്ള തീരുമാന പ്രകാരം തുടർനടപടിയെടുക്കും.
പി.സതീഷ്കുമാറിന് കണ്ണൂരിലും നിക്ഷേപമുണ്ട്. കണ്ണൂർ പേരാവൂരിലെ ഒരു സഹകരണ സൊസൈറ്റിയിൽ ഭാര്യയുടെയും അടുത്ത ബന്ധുക്കളുടെയും പേരിലാണ് നിക്ഷേപം. നിക്ഷേപങ്ങൾക്കൊന്നിനും കെവൈസി ഇല്ലെന്നാണ് വിവരം. കണ്ണൂരിൽ നിന്ന് ഇഡി രേഖകൾ ശേഖരിച്ചു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഹവാല ഇടപാട് നടന്നതായി ഇ ഡി വെളിപ്പെടുത്തിയിരുന്നു. വിദേശത്തേക്ക് ഹവാല ഇടപാട് നടന്നെന്ന് ഇഡി വിചാരണ കോടതിയിൽ വ്യക്തമാക്കി. ഒന്നാം പ്രതി പി.സതീഷ്കുമാറാണ് ഇടപാടിന് ചുക്കാൻ പിടിച്ചത്. സതീശന്റെ ബഹ്റിനിൽ ഉള്ള കമ്പനിയിലേക്ക് ഹവാല നെറ്റ്വർക്ക് വഴി പണം കടത്തി, സഹോദരൻ ശ്രീജിത്, സഹോദരി വസന്തകുമാരി എന്നിവരുടെ പേരിലും കോടികൾ സതീഷ്കുമാർ നിക്ഷേപിച്ചുവെന്നും സുഹൃത്തുക്കളുടെ പേരിലും സതീശൻ പണം നിക്ഷേപിച്ചുവെന്നും ഇ ഡി വിചാരണ കോടതിയിൽ വെളിപ്പെടുത്തി.
