Kerala News

വീഡിയോ റെക്കോര്‍ഡ് ചെയ്ത് ടെക്കി യുവാവ് ജീവനൊടുക്കി സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്.

ബെംഗളൂരു: ഭാര്യക്കും ഭാര്യയുടെ ബന്ധുക്കള്‍ക്കുമെതിരെ വീഡിയോ റെക്കോര്‍ഡ് ചെയ്ത് ടെക്കി യുവാവ് ജീവനൊടുക്കി സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഭാര്യക്കും ബന്ധുക്കള്‍ക്കും എതിരെയാണ് കേസ്. ബന്ധുക്കളെ ചോദ്യം ചെയ്യാനായി മാര്‍ത്തഹള്ളി പൊലീസ് ഉത്തര്‍പ്രദേശിലേക്ക് പോകും. ഉത്തര്‍ പ്രദേശ് സ്വദേശി അതുല്‍ സുഭാഷ് ബെംഗളൂരുവിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തത് തിങ്കളാഴ്ചയാണ്.

24 പേജുള്ള ആത്മഹത്യ കുറിപ്പും ഒരു മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള വീഡിയോയും പങ്കു വെച്ചായിരുന്നു ആത്മഹത്യ. ഭാര്യയും ഭാര്യയുടെ ബന്ധുക്കളും തന്നെ നിരന്തരമായി ദ്രോഹിക്കുകയാണെന്ന് അതുല്‍ ആരോപിച്ചു. തന്നെ ഉപദ്രവിച്ചവര്‍ ശിക്ഷിക്കപ്പെടുന്നതുവരെ തന്റെ ചിതാഭസ്മം ഒഴുക്കരുതെന്നും അതുല്‍ വീഡിയോയില്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ തന്റെ ആത്മാവിന് വേണ്ടി ചിതാഭസ്മം കോടതിക്ക് പുറത്തുള്ള ഓടയില്‍ തള്ളണമെന്നും അതുല്‍ ആവശ്യപ്പെട്ടു.

ഭാര്യയേയും അവളുടെ കുടുംബത്തേയും മൃതദേഹത്തിനരികില്‍ പ്രവേശിപ്പിക്കരുതെന്നും ഇയാള്‍ ആവശ്യപ്പെട്ടു. തന്നെ ഉപദ്രവിച്ചവരെ ആവശ്യമെങ്കില്‍ പൊതുസ്ഥലങ്ങളില്‍വെച്ച് മാത്രം കാണുക. എല്ലാവരും ചേര്‍ന്ന് തന്നെ കുടുക്കിയതാണെന്നും യുവാവ് ആരോപിച്ചു.

അതുലിനെതിരെ ഭാര്യ ഉത്തര്‍പ്രദേശ് കോടതിയില്‍ കേസ് കൊടുത്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ ഈ കേസിന്റെ വിധി പുറത്തുവന്നിരുന്നു. വിധി അതുലിന് എതിരായിരുന്നു. ഇത് അതുലിനെ അസ്വസ്ഥനാക്കിയിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് അതുല്‍ ജീവനൊടുക്കിയതെന്നും പൊലീസ് അറിയിച്ചു. ആത്മഹത്യയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് വ്യക്തമാക്കി.

Related Posts

Leave a Reply