Kerala News

യാക്കോബായ സഭയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം; ‘പള്ളികൾ ഓർത്തഡോക്‌സ് സഭയ്ക്ക് വിട്ടുനൽകണം, വിധി അന്തിമം’

ന്യൂഡൽഹി: യാക്കോബായ സഭയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ഓർത്തഡോക്‌സ്-യാക്കോബായ സഭ പള്ളിത്തർക്കത്തിലെ കോടതിയലക്ഷ്യ കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതി യാക്കോബായ സഭയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. സുപ്രീം കോടതി വിധിയെ മാനിക്കണമെന്നും യാക്കോബായ സഭയോട് സുപ്രീം കോടതി നിർദ്ദേശിച്ചു. പൊലീസിനെ നിയോഗിക്കുന്നതിലൂടെ സാഹചര്യം സങ്കീർണ്ണമാക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു.

ആത്യന്തികമായി ഇതൊരു ആരാധനാലയമാണെന്ന് ചൂണ്ടിക്കാണിച്ച സുപ്രീം കോടതി 1934ലെ ഭരണഘടന അനുസരിച്ച് പള്ളികളുടെ ഉടമസ്ഥാവകാശം ആർക്കെന്ന് വ്യക്തതയുണ്ടെന്നും പറഞ്ഞു. സാമ്പത്തിക ഭരണകാര്യങ്ങൾ കൂടി ഏറ്റെടുക്കാൻ സർക്കാരിനോട് നിർദ്ദേശിച്ചാൽ എന്ത് സംഭവിക്കുമെന്നും കോടതി ചോദിച്ചു. പ്രശ്‌ന പരിഹാരത്തിനായി സംസ്ഥാന സർക്കാർ ഇടപെടേണ്ടത് അവസാന ഘട്ടത്തിലെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു.

നീതി നടപ്പാക്കാനുള്ള കോടതിയുടെ ചുമതല എതിർകക്ഷികൾ മനസിലാക്കുമെന്ന് കരുതുന്നു. പള്ളികൾ ഏറ്റെടുക്കുകയെന്നാൽ എല്ലാ ഭരണകാര്യങ്ങളും ഏറ്റെടുക്കുകയെന്നാണ് അർത്ഥം. ഉത്തരവ് നടപ്പാക്കാൻ യാക്കോബായ സഭ സഹകരിക്കാത്തതെന്തെന്നും സുപ്രീം കോടതി ചോദിച്ചു. യാക്കോബായ സഭയും സർക്കാരും പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യത്തിലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കാനായില്ലെങ്കിൽ നീതി തേടി എവിടെ പോകണമെന്ന് ചോദിച്ച കോടതി പള്ളികൾ ഓർത്തഡോക്‌സ് സഭയ്ക്ക് വിട്ടുനൽകണമെന്ന വിധി അന്തിമമാണെന്നും വ്യക്തമാക്കി.

താക്കോല്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കൈമാറണമെന്നും സുപ്രീം കോടതി യാക്കോബായ സഭയോട് നിർദ്ദേശിച്ചു. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ആരാധനയ്ക്കുള്ള സൗകര്യം ഒരുക്കണമെന്നും സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. പൊതുവായ സൗകര്യങ്ങള്‍ തുറന്നു നല്‍കുന്ന കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കണമെന്നും നിർദ്ദേശമുണ്ട്. ചീഫ് സെക്രട്ടറി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നൽകിയിരുന്ന ഇളവും സുപ്രീം കോടതി നീട്ടി.

ഓർത്തഡോക്സ് – യാക്കോബായ സഭാ പള്ളിത്തർക്കത്തിലെ കോടതിയലക്ഷ്യ അപ്പീലുകളാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്. എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികൾ ജില്ലാ കളക്ടർമാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ അപ്പീലുകളിലാണ് വാദം. സർക്കാരിന് മതസ്ഥാപനങ്ങൾ ഏറ്റെടുക്കാനാകുമോ എന്നാണ് സുപ്രീം കോടതി പരിശോധിക്കുന്നത്. അപ്പീലുകളിൽ സഭാ തർക്കത്തിന്റെ ഉള്ളടക്കം പരിശോധിക്കില്ലെന്നാണ് സുപ്രീം കോടതി കഴിഞ്ഞ തവണ വ്യക്തമാക്കിയിരുന്നു.

പള്ളികൾ ഏറ്റെടുത്ത ശേഷം കൈമാറുന്നത് ശാശ്വത പരിഹാരമല്ലെന്നാണ് സർക്കാർ സുപ്രീം കോടതിയിൽ നൽകിയ മറുപടി. സംഘർഷം ഒഴിവാക്കി പ്രശ്‌ന പരിഹാരത്തിനാണ് ശ്രമിക്കുന്നത്. പൊലീസിനെ ഉപയോഗിച്ച് പള്ളികൾ ഏറ്റെടുക്കാൻ ശ്രമിച്ചപ്പോൾ ക്രമസമാധാന പ്രശ്‌നമുണ്ടായി. പ്രശ്‌നം സമാധാനപരമായി കൈമാറാൻ ഇരുവിഭാഗങ്ങളുമായും ചർച്ചയ്ക്ക് ശ്രമം തുടരുകയാണ് എന്നുമാണ് സർക്കാർ നൽകിയ സത്യവാങ്മൂലം.

നേരത്തെ നവംബർ 25ന് കേസ് പരിഗണിച്ചപ്പോൾ കോടതിയലക്ഷ്യ കേസിൽ ഉദ്യോഗസ്ഥർ നവംബർ 29ന് നേരിട്ട് ഹാജരാകണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി തടഞ്ഞിരുന്നു. ചീഫ് സെക്രട്ടറിയും എറണാകുളം പാലക്കാട് ജില്ലാ കളക്ടര്‍മാരും ജില്ലാ പൊലീസ് ഉദ്യോഗസ്ഥരും നവംബർ എട്ടിന് രാവിലെ പത്തേകാലിന് ഹൈക്കോടതിയിൽ ഹാജരാകണമെന്ന ഹൈക്കോടതി ഉത്തരവായിരുന്നു സുപ്രീം കോടതി തടഞ്ഞത്.

ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ പള്ളിത്തര്‍ക്കത്തില്‍ ചീഫ് സെക്രട്ടറിക്കും രണ്ട് ജില്ലാ കളക്ടര്‍മാര്‍ക്കുമെതിരെ ഒക്ടോബർ 21നായിരുന്നു ഹൈക്കോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതായിരുന്നു തീരുമാനം. ആറ് പള്ളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിലായിരുന്നു ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.

Related Posts

Leave a Reply