Kerala News

ആംആദ്മി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളിന്റെ മുഖത്ത് ദ്രാവകമൊഴിച്ച് യുവാവ്

ന്യൂഡല്‍ഹി: ആംആദ്മി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളിന്റെ മുഖത്ത് ദ്രാവകമൊഴിച്ച് യുവാവ്. ശനിയാഴ്ചയാണ് സംഭവം. പ്രചാരണത്തിനെത്തിയ അരവിന്ദ് കെജ്‌രിവാളിന്റെ മുഖത്ത് യുവാവ് ദ്രാവകമൊഴിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാര്‍ ഉടനടി ഇടപെട്ടതാണ് കെജ്‌രിവാളിന് രക്ഷയായത്.

അരവിന്ദ് കെജ്‌രിവാളിന് അടുത്തേക്ക് യുവാവ് എത്തുന്നതും പിന്നീട് ദ്രാവകമൊഴിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നു. കെജ്‌രിവാള്‍ മുഖം തുടക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്ന് ആംആദ്മി ആരോപിച്ചു.

ബിജെപി നേതാക്കള്‍ ഡല്‍ഹിയിലുടനീളം റാലികള്‍ നടത്തുന്നുണ്ടെന്നും അവര്‍ ഒരിക്കലും ആക്രമിക്കപ്പെടുന്നില്ലെന്നും എഎപി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. ബിജെപി നിരന്തരം അരവിന്ദ് കെജ്‌രിവാളിനെ ആക്രമിക്കുകയാണ്. നാഗോലയിലും ഛാത്തര്‍പൂരിലും കെജ്‌രിവാള്‍ ആക്രമിക്കപ്പെട്ടു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാറും ആഭ്യന്തരമന്ത്രിയും ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഡല്‍ഹിയില്‍ വിവിധ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വെടിവെയ്പ് തുടര്‍ക്കഥയാകുകയാണെന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു. ഗുണ്ടാസംഘങ്ങള്‍ ജനങ്ങളോട് പണമാവശ്യപ്പെടുന്ന സാഹചര്യമാണ്. ഗ്രേറ്റര്‍ കൈലാഷില്‍ ജിം ഉടമ കൊല്ലപ്പെട്ടു. പഞ്ചശീലില്‍ ഒരാളെ കുത്തിക്കൊല്ലുകയും ചെയ്തു. കെജ്‌രിവാള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നു. ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ പരാജയമാണെന്നും സൗരഭ് ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.

Related Posts

Leave a Reply