India News

2024-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ സൈബർ തട്ടിപ്പുകൾ മൂലം ഇന്ത്യക്ക് നഷ്ടമായത് 11,333 കോടി രൂപ

ന്യൂഡൽഹി: 2024-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ സൈബർ തട്ടിപ്പുകൾ മൂലം ഇന്ത്യക്ക് നഷ്ടമായത് 11,333 കോടി രൂപ. ഓഹരി വ്യാപാര തട്ടിപ്പിലൂടെയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പണം നഷ്ടമായത്. ഡിജിറ്റൽ അറസ്റ്റ് കേസുകളിൽ 63,481 പരാതികളാണ് കിട്ടിയത്. ഇതിൽ 1,616 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ (I4C) വിഭാഗത്തിൽ നിന്നുള്ള ഡാറ്റ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ഈ വർഷം ഏകദേശം 12 ലക്ഷം സൈബർ തട്ടിപ്പ് പരാതികൾ ലഭിച്ചു. അതിൽ ഭൂരിഭാഗവും കമ്പോഡിയ, മ്യാൻമർ, ലാവോസ് എന്നിവിടങ്ങളിൽ നിന്നാണ്. 2021 മുതൽ, 30.05 ലക്ഷം പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 27,914 കോടി രൂപയാണ് ഈ കാലയളവിൽ നഷ്ടമായത്. 11,31,221 പരാതികളാണ് 2023ൽ ലഭിച്ചത്. 5,14,741 പരാതികൾ 2022-ലും, 1,35,242 പരാതികൾ 2021-ലും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ ‘മൻ കി ബാത്ത്’ റേഡിയോ പരിപാടിയിൽ ‘ഡിജിറ്റൽ അറസ്റ്റിനെ’ക്കുറിച്ച് രാജ്യത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു സർക്കാർ ഏജൻസികളും ഫോണിലൂടെ ആളുകളെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടാറില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

സൈബർ തട്ടിപ്പുകളുടെ വലിയ ലോകത്തെ ഒരു പുത്തൻ രീതിയാണ് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്. അന്വേഷണ ഉദ്യോഗസ്ഥർ ആണെന്ന വ്യാജേന രംഗത്ത് വരുന്ന തട്ടിപ്പുകാർ തങ്ങളുടെ ഇരകളെ കണ്ടെത്തി ഡിജിറ്റൽ അറസ്റ്റിന് വിധേയമാക്കുന്നു. അവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നു. പണം ലഭിക്കുന്നതോടെ മുങ്ങുന്നു. ഇതാണ് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്.

 

Related Posts

Leave a Reply