തൃശൂർ നാട്ടിക അപകടം നിർണായക വെളിപ്പെടുത്തലുമായി അപകടത്തിൽ പരിക്കേറ്റയാൾ. ബോധപൂർവ്വം പിന്നോട്ടെടുത്ത് രണ്ടുപേരുടെ ദേഹത്തുകൂടി കയറ്റിയിറക്കി എന്ന് പരിക്കേറ്റയാൾ പറയുന്നു. പരിക്കേറ്റ രമേശ് ആണ് വെളിപ്പെടുത്തൽ നടത്തിയത്. ലോറി തന്റെ മകന്റെറെയും ഭാര്യയുടെയും ശരീരത്തിലൂടെ കയറ്റിയിറക്കി. ലോറി നിർത്താൻ ആവശ്യപ്പെട്ടപ്പോൾ അവർ രണ്ടു പ്രാവശ്യം പുറകോട്ട് എടുത്തുവെന്ന് രമേശ് പറഞ്ഞു.
ലോറി പുറകോട്ട് എടുത്തപ്പോഴാണ് രണ്ടു ജീവനുകൾ നഷ്ടമായത്. ലോറി ബോധപൂർവം പുറകോട്ട് എടുക്കാതിരുന്നായിരുന്നെങ്കിൽ രണ്ടു ജീവനുകൾ നഷ്ടമാകില്ലായിരുന്നുവെന്ന് രമേശ് പറഞ്ഞു. പുലർച്ചെ നാലിനാണ് നാടിനെ നടുക്കിയ അപകടം. ഒരു വയസുള്ള വിശ്വ, നാലുവയസുള്ള ജീവൻ എന്നീ കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരുടെ ജീവനാണ് പൊലിഞ്ഞത്. രണ്ട് പേരുടെ നില ഗുരുതരമാണ്.
കണ്ണൂരിൽ നിന്ന് എറണാകുളത്തേയ്ക്ക് പോകുകയായിരുന്നു തടിലോറി. മദ്യലഹരിയിൽ ക്ലീനറാണ് വാഹനമോടിച്ചതെന്ന് പൊലീസ്. ഡ്രൈവർ ജോസിനും ക്ലീനർ അലക്സിനും എതിരെ മനപൂർവമായ നരഹത്യക്കുറ്റം ചുമത്തി കേസെടുത്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അപകടമുണ്ടാക്കിയ ലോറി നിർത്താതെ മുന്നോട്ടുപോകുന്നത് ദൃശ്യങ്ങളിലുണ്ട്. ഫോറൻസിക് സംഘം സ്ഥലത്ത് എത്തി അപകടത്തിന്റെ കൂടുതൽ തെളിവുകളും ശേഖരിച്ചു.