കോട്ടയം: പാലക്കാട് നിയുക്ത എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പുതുപ്പള്ളിയിൽ എത്തി ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിക്കും. രാവിലെ 10 മണിയോട് കൂടിയാണ് രാഹുൽ പുതുപ്പള്ളിയിലെത്തുക.
വൈകുന്നേരം പാലക്കാടെത്തുന്നരാഹുലിന് പ്രവർത്തകർ മണ്ഡലത്തിന്റെ വിവിധ ഇടങ്ങളിൽ സ്വീകരണവും ഒരുക്കിയിട്ടുണ്ട്. മറ്റന്നാൾ മുതൽ ഉദ്ഘാടനം ഉൾപ്പെടെ നിരവധി പൊതു പരിപാടികളിലും രാഹുൽ പങ്കെടുക്കും. നേതൃത്വം പോലും കണക്ക് കൂട്ടാത്ത ഭൂരിപക്ഷത്തോടെയാണ് പാലക്കാട് യുഡിഎഫ് നിലനിർത്തിയത്. നിശബ്ദ തരംഗം ആഞ്ഞടിച്ചുവെന്ന വിലയിരുത്തലിലാണ് നേതൃത്വം. മുനിസിപ്പാലിറ്റിയിലെ മുന്നേറ്റം മുൻ നിർത്തി വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പാലക്കാട് മുനിസിപ്പാലിറ്റി പിടിക്കാനുള്ള തന്ത്രങ്ങൾക്കും നേതൃത്വം രൂപം നൽകും.
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ലീഡ് പിടിച്ച യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 18,724 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ചേലക്കരയിലാകട്ടെ ഒരവസരത്തില്‍ പോലും പിന്നോട്ട് പോകാതെയാണ് യു ആർ പ്രദീപ് തന്റെ വിജയത്തിലേക്ക് കുതിച്ചത്. 12,122 വോട്ടാണ് ഭൂരിപക്ഷം. വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം നാല് ലക്ഷം കടന്നു. 4,10, 931 വോട്ടാണ് പ്രിയങ്കയുടെ ഭൂരിപക്ഷം. മൊത്തം പോള്‍ ചെയ്തതിന്റെ 64.99 ശതമാനം വോട്ടുകളാണ് പ്രിയങ്കയ്ക്ക് ലഭിച്ചത്.