ആലപ്പുഴ: യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ആര്യാട് സ്വദേശി സുമിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 7 നാണ് സുമിത്തിന്റെ ഭാര്യ മങ്കൊമ്പ് സ്വദേശിയായ സ്വാതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഗാർഹിക പീഡനം സഹിക്കാതെയാണ് യുവതി മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയിലാണു അറസ്റ്റ്.
സ്വാതിയും ഭർത്താവും രണ്ട് കുട്ടികളും മാത്രമായിരുന്നു വീട്ടിൽ താമസം. രാവിലെ 7 മണിയോടെ സുമിത്ത് തന്നെയാണ് കിടപ്പുമുറിയോട് ചേർന്നുള്ള മറ്റൊരു മുറിയിൽ സ്വാതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുമിത്തിന്റെ മറ്റൊരു ബന്ധത്തിന്റെ പേരിൽ സ്വാതിയും സുമിത്തും തമ്മിൽ കഴിഞ്ഞ കുറെ നാളുകളായി വഴക്ക് പതിവായിരുന്നതായി സ്വാതിയുടെ ബന്ധുക്കൾ പറയുന്നു.
പല തവണ ബന്ധുക്കൾ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചെങ്കിലും സുമിത്ത് ബന്ധം തുടർന്നതോടെ സ്വാതി കടുത്ത നിരാശയിലായിരുന്നുവെന്നും വീട്ടുകാർ പറഞ്ഞു. കെ എസ് ആർ ടി സി ആലപ്പുഴ ഡിപ്പോയിൽ എം പാനൽ ജീവനക്കാരനാണ് സുമിത്ത്. ഇയാൾക്കെതിരെ സ്വാതിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് ഇന്ന് ഉച്ചയോടെയാണ് അറസ്റ്റ് ചെയ്തത്.