അഹമ്മദാബാദ് : വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഭോപ്പാൽ സ്വദേശിയായ അൻഷുൽ യാദവിനെയാണ് കഴിഞ്ഞ മാസം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബോധരഹിതനായി വീണ് മരിച്ചു എന്നായിരുന്നു ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്.
എന്നാൽ മൃതദേഹത്തിന്റെ കഴുത്തിൽ കണ്ടെത്തിയ പാട് കൊലപാതകത്തിന്റെ ചുരുൾ അഴിക്കുകയായിരുന്നു. വീട്ടിലേക്ക് ഇറച്ചി കൊണ്ടു വന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊല്ലപ്പെട്ടയാളുടെ സഹോദരങ്ങളായ കുൽദീപിനെയും അമനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഈമാസം ഒൻപതിനാണ് ഭോപ്പാൽ സ്വദേശിയായ അൻഷുൽ യാദവ് കൊല്ലപ്പെട്ടത്. വീട്ടിൽ കുഴഞ്ഞു വീണ് മരിച്ചു എന്നാണ് ബന്ധുക്കൾ പറഞ്ഞിരുന്നത്. എന്നാൽ സംഭവത്തിൽ അന്നേ പൊലീസ് ദുഹൂഹത ആരോപിച്ചിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.
ബൈരാഗഡ് പ്രദേശത്തെ ഇന്ദിരാനഗറിലുളള വീട്ടിലേക്ക് ഇറച്ചി കൊണ്ടു വന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സാധാരണയായി സസ്യാഹാരം ശീലിച്ചിരുന്ന ഇവരുടെ വീട്ടിലേക്ക് കൊല്ലപ്പെട്ട അൻഷുൽ കോഴിയിറച്ചി കൊണ്ടുവന്നതാണ് സഹോദരങ്ങളെ ചൊടിപ്പിച്ചു. മദ്യലഹരിയിലായിരുന്നു സഹോദരങ്ങൾ തമ്മിൽ ആദ്യം ചെറിയ വാക്ക് തർക്കം തുടങ്ങി അത് കയ്യാങ്കളിയിലേക്ക് നിങ്ങുകയായിരുന്നു.
തുടർന്ന് കയറുപയോഗിച്ച് കഴുത്ത് മുറുക്കിയാണ് പ്രതികൾ കൊലപാതകം നടത്തിയത്. ബോധരഹിതനായ അൻഷുലിനെ അമ്മ അനിതയും സഹോദരങ്ങളും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മകൻ വീട്ടിൽ വച്ച് ബോധരഹിതനായി വീഴുകയായിരുന്നുവെന്നാണ് അമ്മ ഡോക്ടറോട് പറഞ്ഞത്. സംശയം തോന്നിയതോടെ നടത്തിയ പരിശോധനയിലാണ് യുവാവിന്റെ കഴുത്തിൽ കയറുപയോഗിച്ച് മുറുക്കിയതിന്റെ പാടുകൾ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കൊലയ്ക്കുപയോഗിച്ച കയർ അമ്മ ഒളിപ്പിച്ചതായും. അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനായി ഇവർ മൊഴി മാറ്റി പറയുകയും ചെയ്തതായും പൊലീസ് പറഞ്ഞു.