തിരുവനന്തപുരം കാട്ടാക്കട പൂഴനാട് യുപി സ്കൂൾ കെട്ടിടം തകർന്നു വീണു. കെട്ടിടം കാലപ്പഴക്കം ചെന്ന് ജീർണാവസ്ഥയിൽ ആയിരുന്നു. സ്കൂൾ സമയമല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. ഇന്ന് രാത്രി എട്ടു മണിയോടെയാണ് സ്‌കൂൾ കെട്ടിടം തകർന്നുവീണത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയാണ് പ്രദേശത്ത് പെയ്തത്. മഴ ശക്തമായതോടെ ജീർണാവസ്ഥയിലായിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു.
കെട്ടിടം തകർന്നുവീണത് സമീപത്തുള്ള വീടിന്റെ ഒരു ഭാഗത്തേക്കാണ്. ഇവിടെ ഒരു കോഴിക്കൂടം ശവക്കല്ലറയുമുണ്ടായിരുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ വീണ് കോഴിക്കൂട്ടിലുണ്ടായിരുന്ന കോഴികൾ മുഴുവൻ ചത്തു. കുട്ടികൾ കളിക്കുന്ന സ്ഥലത്താണ് കെട്ടിടം തകർന്നുവീണത്. ഞായറാഴ്ചയായതിനാൽ സ്കൂൾ അവധിയായതിനാലാണ് വലിയ അപകടം ഒഴിവായത്. സ്കൂൾ കെട്ടിടത്തിന്റെ ജീർണാവസ്ഥയെക്കുറിച്ച് വാർഡ് മെമ്പർ സ്കൂൾ മാനേജരോട് പരാതി പറഞ്ഞിരുന്നു. എന്നാൽ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.










