ഭോപാല്‍: സൈക്കിളില്‍ ഇരിക്കുകയായിരുന്ന നാല് വയസുകാരന്റെ ദേഹത്ത് കാര്‍ കയറിറങ്ങി. മധ്യപ്രദേശിലെ ബേതൂലിലാണ് സംഭവം. സൈക്കിള്‍ ഇടിച്ചുതെറിപ്പിച്ച കാര്‍ കുട്ടിയുടെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അയാന്‍ഷ് യാദവിനാണ് പരിക്കേറ്റത്.
കാര്‍ ആദ്യം റിവേഴ്സ് എടുക്കുന്നതും പിന്നാലെ സൈക്കിളില്‍ ഇരിക്കുന്ന അയാന്‍ഷിന്റെ മുകളിലൂടെ കയറിയിറങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തിന് തൊട്ടുമുമ്പ് കാര്‍ യാത്രികയായ യുവതി കൈക്കുഞ്ഞുമായി വന്ന് അയാന്‍ഷിനോട് സംസാരിക്കുന്നുണ്ട്. ഇടിയുടെ ആഘാതത്തില്‍ സൈക്കില്‍ ദൂരേക്ക് മാറിക്കിടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കാര്‍ നീങ്ങിയതും അയാന്‍ഷ് എഴുന്നേല്‍ക്കുകയായിരുന്നു.
നടക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കാലിന് പരിക്കേറ്റതിനാല്‍ കുട്ടി താഴെയിരിക്കുന്നതും ദൃശ്യങ്ങളിലൂണ്ട്. അതേസമയം പ്രതികള്‍ മനപ്പൂര്‍വമാണ് കുട്ടിക്ക് മുകളിലൂടെ കാര്‍ ഓടിച്ചുകയറ്റിയതെന്നാണ് അയാന്‍ഷിന്റെ അമ്മയുടെ ആരോപണം. സൈക്കിളിന് തകരാറുള്ളതിനാല്‍ മുന്നോട്ട് നീങ്ങാനാകാതെ റോഡില്‍ നില്‍ക്കുകയായിരുന്നു കുട്ടി. റോഡില്‍ നിന്ന് മാറാന്‍ യുവതി കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവന് സൈക്കിള്‍ ചലിപ്പിക്കാന്‍ സാധിച്ചില്ല. ഇതിന് പിന്നാലെയാണ് പ്രതികള്‍ കാര്‍ കയറ്റിയതെന്നും അമ്മ പറഞ്ഞു.
പരിക്കേറ്റ കുട്ടിയെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയില്‍ കാലിന് സാരമായി പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. പാന്റില്‍ കാര്‍ ടയറിന്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.