India News

വിഷപ്പുകയിൽ വലഞ്ഞ് ഡൽഹി നിവാസികൾ; വായു ഗുണനിലവാര സൂചികയുടെ ശരാശരി 452 ആയി

ന്യൂ ഡൽഹി: വായുമലിനീകരണം അതീവ ഗുരുതര വിഭാഗത്തിലേക്ക് വീണതോടെ എപ്പോൾ വേണമെങ്കിലും രോഗങ്ങൾ പിടികൂടാമെന്ന അവസ്ഥയിലേക്കെത്തി ഡൽഹി നിവാസികൾ. എല്ലാവരും തികഞ്ഞ ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടണമെന്നും മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.

വായു ഗുണനിലവാര സൂചികയുടെ ശരാശരി 452 ആയി ഉയർന്നതാണ് പ്രതിസന്ധിയായത്. 24 മണിക്കൂറിലെ വായു ഗുണനിലവാര സൂചികയുടെ ശരാശരി 418 ആണ്. ചൊവ്വാഴ്ച വൈകുന്നേരം വരെ 334 ആയിരുന്ന ഗുണനിലവാരമാണ് പൊടുന്നനെ അതീവ ഗുരുതര വിഭാഗത്തിലേക്ക് കൂപ്പുകുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിലെ ഏറ്റവും മോശം അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്. കൂടാതെ കഴിഞ്ഞ രണ്ടാഴ്ചയായി മലിനീകരണം രൂക്ഷമായിത്തന്നെ തുടരുകയുമാണ്.

അതേസമയം, വായുമലിനീകരണ വിഷയത്തിൽ ഡൽഹി സർക്കാരിനെ അതിരൂക്ഷമായി സുപ്രീംകോടതി വിമർശിച്ചിരുന്നു. അന്തരീക്ഷം മലിനമാക്കുന്നതിനെ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് പറഞ്ഞ സുപ്രീംകോടതി മലിനീകരണം ഇല്ലാതെയാക്കാൻ എന്ത് നിലപാടാണ് എടുത്തതെന്ന് സർക്കാരിനോട് വിശദീകരിക്കാനും ആവശ്യപ്പെട്ടിരുന്നു.

ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, എജി മാസി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതായിരുന്നു നിര്‍ദ്ദേശം. മലിനീകരണമില്ലാത്ത അന്തരീക്ഷത്തില്‍ ജീവിക്കാന്‍ ഒരു പൗരന് മൗലികാവകാശമുണ്ട് എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പടക്കങ്ങള്‍ പൊട്ടിക്കുന്നത് പൗരന്റെ ആരോഗ്യത്തെ ബാധിക്കുന്നുവെന്നും പറഞ്ഞ കോടതി പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതില്‍ നിലപാട് അറിയിക്കാന്‍ ഡൽഹി സര്‍ക്കാരിനോടും ഡൽഹി പൊലിസ് കമ്മീഷണറോടും നിര്‍ദേശിച്ചിരുന്നു.

 

Related Posts

Leave a Reply