Kerala News

ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയുള്ള സ്ഥാനാർഥിയാണ് പ്രിയങ്ക ഗാന്ധിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

മലപ്പുറം: വയനാട്ടിലേത് അടിച്ചേൽപ്പിക്കപ്പെട്ട തിരഞ്ഞെടുപ്പെന്നും ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയുള്ള സ്ഥാനാർഥിയാണ് പ്രിയങ്ക ഗാന്ധിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് നിലപാടും ജമാഅത്തെ ഇസ്‌ലാമി സ്വീകരിക്കുന്ന നിലപാടും എന്താണെന്നും അദ്ദേഹം ചോദിച്ചു. മലപ്പുറം എടവണ്ണയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തന്റെ പ്രസംഗത്തിൽ ഖലീഫ ഭരണത്തെ അവഹേളിച്ചു എന്നായിരുന്നു ആരോപണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില ഖലീഫമാർ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടാകും. അതുകൊണ്ട് ഖലീഫ ഭരണം വരണമെന്നാണോയെന്നും പിണറായി വിജയൻ ചോദിച്ചു. പ്രശ്നം ജനാധിപത്യത്തിന്റേതാണ്. ജനാധിപത്യമാണ് വേണ്ടത്. ജമാഅത്തെ ഇസ്‌ലാമി രാജ്യത്തിന്റെ ഭരണക്രമത്തെ മാനിക്കുന്നില്ല. അവർക്ക് ഒരു നയം മാത്രമേ ഉള്ളൂ. അത് ഇസ്‌ലാമിക ഭരണം സ്ഥാപിക്കലാണ്. ഇപ്പോൾ ജമാഅത്തെ ഇസ്‌ലാമിക്ക് യുഡിഎഫിനെ സഹായിക്കണമെന്ന് തോന്നുന്നു. ലീഗിന്റെ ദൗർബല്യം ജമാഅത്തെ ഇസ്‌ലാമി ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

ലീഗ് ജമാഅത്തെ ഇസ്‌ലാമിയോടും എസ്ഡിപിഐയോടും സ്വീകരിക്കുന്ന നിലപാട് അവർക്ക് തന്നെ നാളെ ദോഷം ചെയ്യും. നാല് വോട്ടും രണ്ട് സീറ്റും കിട്ടാൻ വേണ്ടി ആത്മഹത്യാപരമായ നിലപാട് യുഡിഎഫ് സ്വീകരിക്കുകയാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ ആശയം പ്രചരിപ്പിക്കാൻ ലീഗ് മലപ്പുറത്ത് ജാഥ നടത്തി. എൽഡിഎഫ് മലപ്പുറത്തെ അവഹേളിക്കുന്നുവെന്ന് പറഞ്ഞ് ലീഗ് മാർച്ച് നടത്തി. മലപ്പുറത്തെ കേസുകളുടെ കണക്ക് തെറ്റായി വ്യാഖ്യാനിച്ച് വർഗീയമായി ചിന്തിപ്പിക്കാൻ ലീഗ് ശ്രമിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു.

Related Posts

Leave a Reply