കൊടകര കുഴല്‍പ്പണ കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ തിരൂര്‍ സതീശന് പിന്നില്‍ ശോഭാസുരേന്ദ്രന് എന്ന് ദേശീയ നേതൃത്വത്തിന് പരാതി. പരാതിക്ക് പിന്നാലെ ശോഭാ സുരേന്ദ്രനെ കേന്ദ്ര നേതൃത്വം താക്കീത് ചെയ്തെന്ന് വിവരം. ഈ വിധത്തില്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് ശോഭയോട് നേതൃത്വം പറഞ്ഞെന്നാണ് വിവരം. ഇതെല്ലാം പാര്‍ട്ടിയെ ആകെ ബാധിക്കുന്ന വിഷയമാണെന്നും അതിനാല്‍ ഉപതെരഞ്ഞെടുപ്പില്‍ വരെ പ്രശ്നമുണ്ടായേക്കാമെന്നും ശോഭയെ നേതൃത്വം ഓര്‍മിപ്പിച്ചു.
ദേശീയ നേതൃത്വത്തിന്റെ ഇടപെടലിന് പിന്നാലെയാണ് ശോഭാ സുരേന്ദ്രന് ഇന്ന് മാധ്യമങ്ങളെ കണ്ടത്. വാര്‍ത്ത സമ്മേളനത്തില്‍ തിരൂര്‍ സതീശനെ ശോഭ സുരേന്ദ്രന് തള്ളി പറഞ്ഞിരുന്നു. ശോഭാ സുരേന്ദ്രനും വി.ഡി സതീശനും തൃശൂരില്‍ കൂടിക്കാഴ്ച നടത്തിയെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിന് രഹസ്യ വിവരം ലഭിച്ചുവെന്നും സൂചനയുണ്ട്. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ സംശയം ദൂരീകരിക്കണമെന്ന് നേതൃത്വം ശോഭയോട് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ശോഭാ സുരേന്ദ്രന്റെ ഇന്നത്തെ വാര്‍ത്താ സമ്മേളനമെന്നാണ് ലഭിക്കുന്ന വിവരം. താനാണ് തിരൂര്‍ സതീശന്റെ പിന്നിലെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില കോണുകളില്‍ നിന്ന് ശ്രമം നടക്കുന്നുണ്ടെന്നാണ് ശോഭാ സുരേന്ദ്രന് ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഈ ആരോപണങ്ങളെ ശോഭ പൂര്‍ണമായി തള്ളുകയും ചെയ്തിരുന്നു.
എന്നാല്‍ കൊടകര വിവാദം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നില്ലെന്നും ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവര്‍ത്തകരെ കൂടുതല്‍ ഊര്‍ജസ്വലരാക്കാന്‍ വിവാദം ഗുണം ചെയ്യുകയാണ് ചെയ്തതെന്നുമാണ് ബിജെപി നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വന്ന പുതിയ വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ ബാധിച്ചിട്ടുണ്ടെന്നാണ് ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട നീക്കങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.