പത്തനംതിട്ട: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്ന പ്രതീക്ഷയില്‍ എഡിഎം നവീന്‍ ബാബുവിന്റെ കുടുംബം. നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരവാദി പി പി ദിവ്യയെന്ന നിലപാടിലാണ് കുടുംബം. ഇതുവരെ പി പി ദിവ്യയെ ചോദ്യം ചെയ്യാത്തതില്‍ കുടുംബത്തിന് അതൃപ്തിയുണ്ട്.
ദിവ്യയ്ക്ക് രാഷ്ട്രീയ സ്വാധീനം ഉള്ളതിനാല്‍ തെളിവുകള്‍ നശിപ്പിക്കുമോ എന്ന ആശങ്കയും കുടുംബത്തിനുണ്ട്. വേണ്ടിവന്നാല്‍ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഭാര്യ മഞ്ജുഷയും സഹോദരന് പ്രവീണ്‍ ബാബുവും വിധിക്ക് ശേഷം പ്രതികരിച്ചേക്കുമെന്നാണ് സൂചന.
അതേസമയം അമിത രക്തസമ്മര്‍ദത്തെ തുടര്‍ന്ന് പി പി ദിവ്യ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. പി പി ദിവ്യക്കെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് സിപിഐഎം. പി പി ദിവ്യയെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്താനാണ് പാര്‍ട്ടിയുടെ തീരുമാനം. ജില്ലാ സമ്മേളനം കഴിഞ്ഞ് വരുന്ന പുതിയ ജില്ലാ കമ്മിറ്റിയില്‍ ദിവ്യയെ ഉള്‍പ്പെടുത്താതിരിക്കാനാണ് തീരുമാനം. നടപടി പ്രത്യക്ഷത്തില്‍ പ്രഖ്യാപിക്കാതെ പരോക്ഷമായി നടപ്പില്‍ വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.