ജയിലിൽ നല്ല നടപ്പുകാരനായിരുന്ന സജനെ പണികൾക്ക് അയക്കാറുണ്ടായിരുന്നു. ഉച്ചക്ക് ഒരു മണിക്ക് ജയിലിനു പുറത്ത് കൃഷിയിടത്തിൽ പണികൾക്കായി സജൻ ഉൾപ്പെടെവരെ പുറത്തിറക്കിയിരുന്നു. ജോലി ചെയ്യുന്നതിനിടെ ജയിൽ ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ച് സജൻ കടന്നു കളഞ്ഞു. ജയിലിനു സമീപത്തെ കാട്ടിലേക്കാണ് ഇയാൾ രക്ഷപെട്ടത്. സംഭവമറിഞ്ഞ് പീരുമേട് പൊലീസിൻറെ സഹായത്തോടെ തെരച്ചിൽ തുടങ്ങി.
സജൻറെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പൊലീസ് പങ്കു വച്ചിരുന്നു. മൂന്ന് മണിയോടെ ഇയാൾ പാമ്പനാറിലെത്തി ഓട്ടോറിക്ഷയിൽ കയറി. സംശയം തോന്നിയ ഡ്രൈവർമാർ ഇയാളെ തടഞ്ഞു വച്ച് പൊലീസിന് കൈമാറുകയായിരുന്നു. ഉപ്പുതറ പോലീസ് സ്റ്റേഷനിൽ പോക്സോ, മോഷണം തുടങ്ങിയ കേസുകളിൽ പ്രതിയാണ് സജൻ. കുമളി പൊലീസ് രജിസ്റ്റർ ചെയ്ത ഗാർഹിക പീഡന കേസിലാണ് നിലവിൽ റിമാൻഡിൽ കഴിഞ്ഞിരുന്നത്. പിടികൂടിയ സജനെതിരെ ജയിൽ ചാടിയതിന് കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.