ബെംഗളൂരുവിൽ കനത്ത മഴ. ഹെന്നൂറിൽ നിർമാണത്തിലിരുന്ന ആറു നില കെട്ടിടം തകർന്നുവീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ പന്ത്രണ്ട് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സൂചന. കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
ഹെന്നൂറിനടുത്തുള്ള ബാബുസപാളയത്ത് നിർമ്മാണത്തിലിരുന്ന് ആറു നില കെട്ടിടമാണ് ഇടിഞ്ഞുവീണത്. മൂന്ന് പേർ രക്ഷപെട്ടു. 12 പേർ തകർന്നുവീണ കെട്ടിടത്തിന് അടിയിൽ ഉണ്ടെന്ന് രക്ഷപെട്ടവർ പറയുന്നു. എല്ലാവരും അയൽസംസ്ഥാന തൊഴിലാളികളാണ്. പതിനഞ്ചോളം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സൂചന.
യെളഹങ്കയിൽ അപ്പാർട്ട്മെന്റിലുള്ളവർ കുടുങ്ങി. ശാന്തിനഗറിൽ നൂറിൽ അധികം വീടുകളിൽ വെള്ളം കയറി. സർജാപൂരിൽ 40 മില്ലിമീറ്റർ മഴയാണ് ഇന്നലെ മാത്രം പെയ്തത്. മഴ കനത്തതോടെ ഗതാഗതം തടസപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ ആറടി വരെ വെള്ളം കയറി.