Kerala News

സിപിഐഎം ലോക്കല്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം

കുണ്ടറ: സിപിഐഎം ലോക്കല്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം. സിപിഐഎം മണ്‍റോതുരുത്ത് ലോക്കല്‍ സമ്മേളനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. പിണറായി വിജയനെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പ് നേരിട്ടാല്‍ വന്‍ തിരിച്ചടിയാകുമെന്നാണ് വിമര്‍ശനം. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായുണ്ടാകുന്ന വിവാദ വിഷയങ്ങള്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ തകര്‍ക്കുന്നെന്നും പ്രതിനിധികള്‍ വിലയിരുത്തി.

നവകേരള സദസിന് സ്‌കൂള്‍ മതിലുകള്‍ പൊളിച്ചതല്ലാതെ എന്ത് ഗുണമുണ്ടായി, ഗുരുവന്ദനം ചടങ്ങില്‍ മുഖ്യമന്ത്രി എഴുന്നേല്‍ക്കാതെ അനാദരം കാട്ടിയത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി, വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷനായ നവോത്ഥാന സമിതി പിരിച്ചുവിടണം തുടങ്ങിയ വിമര്‍ശനങ്ങളാണ് ലോക്കല്‍ സമ്മേളനത്തില്‍ പ്രതിനിധികള്‍ ഉന്നയിച്ചത്.

പാര്‍ട്ടി തീരുമാനങ്ങളും പരിപാടികളും യുക്തിപൂര്‍വം വിശദീകരിക്കാന്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കഴിയുന്നില്ലെന്നുള്ള ആരോപണവും ഉയരുന്നുണ്ട്. ഏരിയ ഘടകം നിര്‍ദേശിച്ച പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബിനു കരുണാകരനാണ് പുതിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി.

നേരത്തെ ഓച്ചിറ പടിഞ്ഞാറ് ലോക്കല്‍ സമ്മളനത്തിലും എം വി ഗോവിന്ദനും പിണറായി വിജയനുമെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നതായും മുഖ്യമന്ത്രിയും കുടുംബവും പാര്‍ട്ടിക്ക് ബാധ്യതയാകുന്നത് പോളിറ്റ് ബ്യൂറോ നേതൃത്വം കാണുന്നില്ലെന്നുമായിരുന്നു വിമര്‍ശനം. കൂടാതെ രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിനെ നിയന്ത്രിക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്നുമുള്ള വിമര്‍ശനവും ഉയര്‍ന്നിരുന്നു.

Related Posts

Leave a Reply