ഗാസിയാബാദ്: കരൾ സംബന്ധമായ പ്രശ്നങ്ങൾ സ്ഥിരമായി അലട്ടാൻ തുടങ്ങിയ കുടുംബം കാരണം തേടിയപ്പോൾ കണ്ടത് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ. വീട്ടുജോലിക്കാരി ഭക്ഷണത്തിൽ മൂത്രം ചേർക്കുന്നതിൻറെ ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്. ഗാസിയാബാദിലെ ക്രോസിംഗ് റിപ്പബ്ലിക് ഏരിയയിലെ ഒരു വ്യവസായിയുടെ വീട്ടിലാണ് സംഭവം നടന്നത്. കരൾ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളാൽ വലയുകയായിരുന്നു കുടുംബം.
വൈദ്യസഹായം തേടിയിട്ടും ഭേദമാകാത്തതിനെത്തുടർന്നാണ് വീട്ടുകാർക്ക് സംശയം തോന്നിയത്. തുടർന്ന് ഭക്ഷണത്തിൽ എന്തെങ്കിലും തകരാറുണ്ടോ എന്നറിയാനായി വീട്ടുടമ അടുക്കളയിൽ രഹസ്യമായി മൊബൈൽ ക്യാമറ ഓൺ ചെയ്തുവെച്ചു. കഴിഞ്ഞ എട്ട് വർഷമായി വ്യവസായിയുടെ വീട്ടിൽ ജോലിക്കാരിയായി നിൽക്കുന്ന ശാന്തി നഗർ സ്വദേശിനി റീനയാണ് ഒടുവിൽ പിടിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒക്ടോബർ 14-ന് വീട്ടുടമ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് തിങ്കളാഴ്ച രാത്രി റീനയെ അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലിൽ റീന ആദ്യം ആരോപണങ്ങൾ നിഷേധിച്ചു. എന്നാൽ വീഡിയോ ദൃശ്യങ്ങൾ കാണിച്ചതോടെ കുടുങ്ങുകയായിരുന്നു. വീട്ടുടമയുടെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസെടുത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത്രയും കാലം തങ്ങൾക്കുവേണ്ടി ജോലിചെയ്ത റീനയെ താൻ ഒരിക്കലും സംശയിച്ചിട്ടില്ലെന്ന് വ്യവസായി പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.