പി സരിൻ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും. സിപിഐഎം സ്ഥാനാർത്ഥിയാവാൻ കോൺഗ്രസ് നേതാവായ പി സരിൻ സമ്മതം മൂളിയെന്നാണ് വിവരം. ഇക്കാര്യം സരിൻ നാളെ വാർത്താ സമ്മേളനത്തിൽ അറിയിച്ചേക്കും. സരിൻ സിപിഐഎം സ്ഥാനാർത്ഥിയാവുന്നതോടെ പാലക്കാട് മത്സരം കടുക്കും. എതിർ സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലും എത്തുന്നതോടെ പാലക്കാട് വാശിയേറിയ പോരാട്ടം നടക്കും.
ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തെ മത്സരിപ്പിക്കാൻ തീരുമാനിച്ചതിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ സരിൻ പരസ്യമായി പ്രതികരിച്ചിരുന്നു.
പാർട്ടി തിരുത്തണമെന്നും പുനരാലോചിക്കണമെന്നും സരിൻ പറഞ്ഞിരുന്നു. എന്നാൽ മുതിർന്ന നേതാക്കളുൾപ്പെടെ സരിനെ തള്ളിപ്പറയുന്ന നിലപാടാണ് സ്വീകരിച്ചത്. സരിൻ്റെ തുടർ നീക്കങ്ങൾ നിരീക്ഷിക്കാൻ തീരുമാനിച്ച സിപിഐഎം നിലവിൽ പോസിറ്റീവായ തീരുമാനത്തിലേക്കാണ് എത്തിയിരിക്കുന്നത്.
രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്തിയ സിപിഐഎം, സരിൻ പാർട്ടിവിട്ടു വന്നാൽ സ്വീകരിക്കാമെന്ന നിലപാടിലെത്തി. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ വിശദമായ ചർച്ച നടത്തിയശേഷം തീരുമാനം പ്രഖ്യാപിക്കും.
അതേസമയം, പി സരിനെ തള്ളുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചത്. രാഹുൽ മാങ്കൂട്ടത്തില്‍ മിടു മിടുക്കനാണെന്നും ഷാഫിയുടെ ചോയ്സ് എന്നത് അധിക നേട്ടമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന് പ്രതികരിച്ചു. വൈകാരികമായി പ്രതികരിക്കരുത് എന്ന് സരിനോട് ആവശ്യപ്പെട്ടിരുന്നു. അച്ചടക്ക ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് കെപിസിസി പ്രസിഡന്റ് പരിശോധിച്ച് പറയുമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.