Kerala News

മൂവാറ്റുപുഴയില്‍ അതിഥി തൊഴിലാളി കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഭാര്യയെ എത്തിച്ച് തെളിവെടുപ്പ് നടത്തി

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ അതിഥി തൊഴിലാളി കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഭാര്യയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. മുടവൂര്‍ തവളക്കവലയില്‍ അസം സ്വദേശി ബാബുല്‍ ഹൂസൈന്‍ കൊല്ലപ്പെട്ട കേസിലാണ് ഭാര്യ സെയ്താ ഖാത്തൂനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ദേഹോപദ്രവം സഹിക്കാന്‍ പറ്റാതെയായപ്പോള്‍ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സെയ്താ ഖാത്തൂന്‍ മൊഴി നല്‍കിയിരിക്കുന്നത്.

തെളിവെടുപ്പില്‍ കൊലയ്ക്ക് ഉപയോഗിച്ച കത്തിയും കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രവും കണ്ടെടുത്തു. കൊലപാതകശേഷം അസമിലേക്ക് കടന്ന പ്രതിയെ പൊലീസ് സാഹസികമായാണ് പിടികൂടിയത്.

കൊലപാതകത്തിന് ഉപയോഗിച്ച കത്തി കുഴിച്ചിട്ട നിലയിലായിരുന്നു. രക്തം പുരണ്ട വസ്ത്രങ്ങള്‍ ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് കണ്ടെടുത്തു. കൊലപാതകം നടത്തിയ രീതിയും പ്രതി പോലീസിന് വിവരിച്ച് നല്‍കി. കൊലപാതകം നടത്തിയതിനുശേഷം രാത്രി എട്ടോടെ കെഎസ്ആര്‍ടിസി ബസില്‍ മൂവാറ്റുപുഴ ബസ് സ്റ്റാന്‍ഡില്‍ എത്തി. അവിടെനിന്ന് മറ്റൊരു ബസില്‍ പെരുമ്പാവൂരില്‍ എത്തിയതിനുശേഷം ഓട്ടോറിക്ഷയിലാണ് ആലുവയില്‍ എത്തിയത്. പിന്നീട് പ്രതി ട്രെയിനില്‍ അസമിലേക്ക് കടക്കുകയായിരുന്നു.

അസമിലെത്തിയ സെയ്താ വീട്ടില്‍ എത്താതെ ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള ഇഷ്ടികക്കളത്തില്‍ ജോലിചെയ്യുമ്പോഴാണ് പൊലീസിന്റെ പിടിയിലായത്. സബ് ഇന്‍സ്‌പെക്ടര്‍ മാഹിന്‍ സലിമിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയുമായി ബാബുല്‍ ഹുസൈന്‍ സ്ഥിരമായി വഴക്കിടുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. വീടിന്റെ ടെറസിനുമുകളില്‍ 6 ദിവസം പഴക്കമുള്ള മൃതദേഹം ആയിരുന്നു കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തറുത്താണ് ബാബുല്‍ കൊല്ലപ്പെട്ടതെന്ന് വ്യക്തമായതോടെയാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. സെയ്താ ഖാത്തൂന്‍ ബാബുലിന്റെ രണ്ടാം ഭാര്യയാണ്.

Related Posts

Leave a Reply