Entertainment Kerala News

ഓം പ്രകാശിന് മേലുള്ള ലഹരിക്കേസിൽ സിനിമാ താരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി

കൊച്ചി: ഓം പ്രകാശിന് മേലുള്ള ലഹരിക്കേസിൽ സിനിമാ താരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി കെ എസ് സുദർശൻ. കൂടുതൽ തെളിവുകൾ ലഭ്യമായ ശേഷമാകും ചോദ്യം ചെയുക. റിമാൻഡ് റിപ്പോർട്ടിൽ പേരുള്ള എല്ലാവരേം ചോദ്യം ചെയ്യുമെന്നും ഡിസിപി പറഞ്ഞു. ഓം പ്രകാശിന്റെ മുറിയിൽ നിന്ന് പിടിച്ചെടുത്ത ലഹരിവസ്തുക്കൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം വന്നശേഷം കൂടുതൽ നടപടികൾ സ്വീകരിക്കും. ഹോട്ടലിൽ നിന്നും പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണെന്നും ഡിജെ പാർട്ടിയിലും അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുപ്രസിദ്ധ ​ഗുണ്ടാ നേതാവായ ഓം പ്രകാശിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാ​ഗ മാർട്ടിൻ എന്നിവരുടെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. കൊച്ചിയിൽ ഇയാൾ ബുക്ക് ചെയ്ത മുറിയിൽ ഇരുപതോളം പേർ എത്തിയിരുന്നതായും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തത്. മുറിയിലെത്തിയ ആളുകളെ ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം ആവശ്യമുന്നയിച്ചിരുന്നു.

ലഹരിക്കേസിൽ ഇന്നലെയാണ് ഓംപ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിപ്പാർട്ടി നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് കുണ്ടന്നൂരിലെ ഹോട്ടലിൽ നടത്തിയ തിരച്ചിലിൽ ഇയാൾ പിടിയിലാകുകയായിരുന്നു.

മുഖ്യപ്രതി ഷിഹാസിനെയും ഇയാൾക്കൊപ്പമാണ് പിടികൂടിയത്. ഇവരുടെ പക്കലിൽ നിന്ന് കൊക്കെയ്ൻ കണ്ടെത്തിയിരുന്നു. തലസ്ഥാനം കേന്ദ്രീകരിച്ച് വർഷങ്ങളായി ഗുണ്ടാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഓം പ്രകാശിന്റെ സാന്നിദ്ധ്യം രണ്ട് ദിവസമായി കൊച്ചിയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന തുടങ്ങിയിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലിൽ ലഹരി ഇടപാടെന്ന സംശയത്തിൽ നാർക്കോട്ടിക് വിഭാഗവും പരിശോധന നടത്തിയിരുന്നു. ഇയാൾ ബുക്ക് ചെയ്ത മുറിയിൽ സിനിമാ താരങ്ങൾ എത്തിയിരുന്നതായി പൊലീസിന് സംശയമുണ്ടായിരുന്നു. ഇതനുസരിച്ച് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

അറസ്റ്റിലായ ഓം പ്രകാശിന് കോടതി ഇന്ന് ജാമ്യം അനുവദിക്കുകയായിരുന്നു. ഓം പ്രകാശിനും മുഖ്യപ്രതി ഷിഹാസിനുമാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികൾ കൊക്കെയ്ൻ ഉപയോഗിച്ചു എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. കൊക്കെയ്ൻ സൂക്ഷിച്ചിരുന്ന കവർ മാത്രമാണ് പിടികൂടാനായതെന്നും കോടതി കണ്ടെത്തി. പ്രതികളെ രണ്ട് ദിവസം കസ്റ്റഡിയിൽ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് തള്ളിയാണ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

Related Posts

Leave a Reply