India News

പശ്ചിമബം​ഗാളിലെ കൊൽക്കത്തയിൽ കാണാതായ എട്ട് വയസുകാരിയുടെ മൃതദേഹം കുളത്തിൽ

കൊൽക്കത്ത: പശ്ചിമബം​ഗാളിലെ കൊൽക്കത്തയിൽ കാണാതായ എട്ട് വയസുകാരിയുടെ മൃതദേഹം കുളത്തിൽ നിന്നും കണ്ടെത്തി. ജോയ്ന​ഗർ പൊലീസ് സ്റ്റേ,ഷൻ പരിധിയിലെ മഹിഷ്മാരിയിലാണ് സംഭവം. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിട്ടും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ​ഗ്രാമീണർ പൊലീസ് ക്യാമ്പിന് തീയിടുകയും സ്റ്റേഷൻ ഉപരോ​ധിക്കുകയുമായിരുന്നു.

വെള്ളിയാഴ്ച ഉച്ചയോടെ ട്യൂഷൻ ക്ലാസിലേക്ക് പോകുന്നതിനിടെയായിരുന്നു നാലാം ക്ലാസുകാരിയായ കുട്ടിയെ കാണാതായത്. കുട്ടിയെ കാണാനില്ലെന്ന് മനസിലാക്കിയ കുടുംബം സമീപത്തെ പൊലീസ് ക്യാമ്പിലെത്തി വിവരമറിയിച്ചെങ്കിലും പൊലീസ് സ്റ്റേഷനിൽ പോയി പരാതിപ്പെടാനായിരുന്നു നിർദ്ദേശം. എന്നാൽ പരാതി നൽകിയിട്ടും വെള്ളിയാഴ്ച രാത്രിയോടെ മാത്രമാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നാണ് റിപ്പോർട്ട്.

സംഭവത്തിന് പിന്നാലെ പ്രദേശവാസികൾ ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം രാത്രിയോടെ കണ്ടെത്തുന്നത്. ഇതോടെ പ്രകോപിതരായ നാട്ടുകാർ പൊലീസ് ക്യാമ്പിലെ രേഖകൾ നശിപ്പിക്കുകയും ക്യാമ്പിന് തീയിടുകയുമായിരുന്നു. പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തിയ ആൾക്കൂട്ടം അവിടെയും അക്രമം അഴിച്ചുവിട്ടു. പൊലീസ് ആൾക്കൂട്ടത്തിന് നേരെ കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോ​ഗിച്ചു.

കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമാർട്ടത്തിന് അയച്ചിരിക്കുകയാണ്. റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കുട്ടി ലൈം​ഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നത് സംബന്ധിച്ച വിവരം ലഭിക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോകലിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് സംഭവം.

Related Posts

Leave a Reply