തിരുവനന്തപുരം: കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ മൂർഖൻ ഷാജി എന്ന് അറിയപ്പെടുന്ന ഷാജിമോൻ പിടിയിൽ. അഞ്ചു വർഷത്തെ അന്വേഷണത്തിനൊടുവിലാണ് സ്റ്റേറ്റ് എക്സൈസ് എൻഫോസ്മെന്റ് സ്ക്വാഡ് ഷാജിയെ പിടികൂടിയത്. ദക്ഷിണേന്ത്യയിലെ വിവിധ മയക്കുമരുന്ന് കേസുകളിൽ പ്രതിയായ ഷാജി 5 വർഷം മുമ്പ് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ മധുരയ്ക്ക് സമീപം ധാരാപുരത്ത് നിന്നുമാണ് സ്റ്റേറ്റ് എക്സൈസ് എൻഫോസ്മെന്റ് സ്ക്വാഡ് പ്രതിയെ പിടികൂടിയത്. ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടിയെങ്കിലും എക്സൈസ് വകുപ്പ് സുപ്രീം കോടതിയിൽ അപ്പീൽ പോവുകയും ജാമ്യം റദ്ദ് ചെയ്യുകയുമായിരുന്നു. തുടർന്ന് ഒളിവിൽ പോയ മൂർഖൻ ഷാജി വെസ്റ്റ് ബെംഗാൾ, ബിഹാർ, ഒറീസ്സ, ആന്ധ്രാ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു. തൂത്തുകൂടി വഴി ഹാഷിഷ് ഓയിൽ കടത്തുന്നതുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ഇയാൾ ഏർപ്പെടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പാലക്കാട് നിന്നും പിടികൂടിയ 22 കിലോ ഹാഷിഷ് ഓയിൽ കടത്തലിൽ ഇയാൾക്ക് പങ്കുണ്ടെന്ന് കണ്ട് പ്രതി ചേർക്കുകയും എക്സൈസ് ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
നക്സൽ മേഖലയിലുള്ള സ്വാധീനം ഉപയോഗിച്ച് ഒളിസങ്കേതം മാറി മാറി കഴിഞ്ഞു വന്ന ഷാജി, കഞ്ചാവ് വാറ്റി ഹാഷിഷ് ഓയിൽ വൻ തോതിൽ നിർമ്മിച്ച് കണ്ടെയ്നറിലും മറ്റുമായി വിദേശത്തേക്ക് കടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
കൊടൈക്കനാലിൽ വാങ്ങിയ 9 ഏക്കർ വസ്തുവിന്റെ ഇടപാടിന് മെയ് മാസം തമിഴ്നാട്ടിലെ ശ്രീരംഗത്തെത്തിയ പ്രതി മയക്കുമരുന്ന് കടത്ത് സംഘവുമായുണ്ടായ സംഘർഷത്തെ തുടർന്ന് പൊലീസ് പിടിയിലായിരുന്നു. എന്നാൽ അവിടെ നിന്നും അതി വിദഗ്ധമായി രക്ഷപ്പെട്ടിരുന്നു.