പ്രതിഷേധത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാള്‍. ഡെപ്യൂട്ടി സ്പീക്കര്‍ക്ക് ഒപ്പം ഒരു എംപിയും മൂന്ന് എംഎല്‍എമാരും ചാടിരുന്നു. ബിജെപി എംപി ഹേമന്ദ് സവ്ര, എംഎല്‍എമാരായ കിരണ്‍ ലഹാമതെ, കിരാമന്‍ ഖോസ്കര്‍, രാജേഷ് പാട്ടീല്‍ എന്നിവരാണ് കൂടെ ചാടി പ്രതിഷേധിച്ച മറ്റുള്ളവര്‍.
താഴെ കെട്ടിയ സുരക്ഷ വലയില്‍ കുരുങ്ങിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ആത്മഹത്യാ ശ്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി 2018ല്‍ സ്ഥാപിച്ച നെറ്റിലേക്കാണ് ഇവര്‍ വന്നു വീണത്. നെറ്റില്‍ വീണ ശേഷം തിരിച്ചു കയറുന്നതായും വീഡിയോയില്‍ കാണാം.
ധന്ഗര് സമുദായത്തിന് പട്ടിക വര്‍ഗ (എസ്.ടി) സംവരണം നല്‍കാനുള്ള നീക്കത്തിന് എതിരെയാണ് പ്രതിഷേധം. നിലവില്‍ ഒബിസി വിഭാഗത്തിലാണ് ഈ സമുദായം. എന്‍സിപി അജിത് പവാര്‍ പക്ഷ എംഎല്‍എ ആണ് സിര്‍വാള്‍. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ, ഉപ മുഖ്യമന്ത്രി അജിത് പവാര്‍, ദേവേന്ദ്ര ഫട്നാവിസ് എന്നിവര്‍ പങ്കെടുത്ത യോഗത്തിനിടെയും ഇതുമായി ബന്ധപ്പെട്ട് ചില എംഎല്‍എമാര്‍ പ്രതിഷേധിച്ചിരുന്നു.