തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ സിപിഐ നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. എകെജി സെന്ററിലാണ് കൂടിക്കാഴ്ച. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്ററും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
എഡിജിപി എം ആര്‍ അജിത്കുമാറിനെതിരായ വിവിധ ആരോപണങ്ങളില്‍ നാളെ ഡിജിപി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് കൂടിക്കാഴ്ച. ക്രമസമാധാന ചുമതലയില്‍ നിന്നും അജിത് കുമാറിനെ മാറ്റണമെന്ന ഉറച്ച നിലപാടിലാണ് സിപിഐ. എന്നാല്‍ റിപ്പോര്‍ട്ട് വരട്ടെയെന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ചയിലും ആവര്‍ത്തിച്ചെന്നാണ് വിവരം.
നാളെ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റും മറ്റന്നാള്‍ സംസ്ഥാന സമിതിയും ചേരാനിരിക്കുകയാണ്. ആര്‍എസ്എസ് പ്രമാണിമാരോട് വീണ്ടും വീണ്ടും കിന്നാരം പറയാന്‍ പോകുന്ന ഒരാള്‍ പൊലീസിന്റെ എഡിജിപി പദവിയില്‍ ഇരിക്കാന്‍ അര്‍ഹനല്ലെന്നാണ് കഴിഞ്ഞ ദിവസം ബിനോയ് വിശ്വം പ്രതികരിച്ചത്.
എഡിജിപിയെ മാറ്റാതെ മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് പ്രയാസമായിരിക്കുമെന്ന് സിപിഐ നേതാവ് പ്രകാശ് ബാബുവും പ്രതികരിച്ചിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് വരട്ടെയെന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളത്. അതിന്റെ പേരില്‍ ഒരു തര്‍ക്കത്തിനില്ല. എഡിജിപിയെ മാറ്റുന്നത് നീട്ടികൊണ്ടുപോകാന്‍ സാധിക്കില്ല. മുഖ്യമന്ത്രിയെ മുഖവിലക്കെടുക്കുകയാണെന്നും പ്രകാശ് ബാബു പറഞ്ഞിരുന്നു.
തൃശ്ശൂര്‍ പൂരം കലക്കര്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച അടക്കം എഡിജിപിക്കെതിരെ ഗുരുതര ആരോപണം ഉയര്‍ന്നിട്ടും എഡിജിപിയെ തള്ളിപറയാനോ പദവിയില്‍ നിന്നും മാറ്റി നിര്‍ത്താനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.