തിരുവനന്തപുരം: വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ഇന്ന് രാവിലെ 11 മണിക്ക്. സർക്കാരിനെതിരെയും പൊലീസ് സേനയ്ക്കെതിരെയും ആരോപണങ്ങളുയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. ആർഎസ്എസ് – എഡിജിപി കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി മറുപടി പറയുമോ എന്നാണ് ഉറ്റുനോക്കുന്നത്. മാത്രമല്ല, തൃശൂർ പൂരം കലക്കൽ വിവാദത്തിലും മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതീക്ഷിക്കുന്നുണ്ട്. പൂരം കലക്കിയെന്ന ആരോപണങ്ങളിൽ നേരത്തെ നടത്തിയ അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ ആഭ്യന്തര വകുപ്പിനെയും ഇടതുമുന്നണിയെയും പ്രതിരോധത്തിലാക്കിയ സാഹചര്യത്തിൽ മുഖ്യമന്ത്രി എംഎൽഎയെ പിന്തുണയ്ക്കുമോ? പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരായ പരാതികളിൽ മുഖ്യമന്ത്രിയുടെ നിലപാടെന്താകും തുടങ്ങിയ കാര്യങ്ങളിലും ഇന്ന് വ്യക്തത വന്നേക്കും.
ഇതിനിടെ എഡിജിപി എം ആർ അജിത് കുമാർ, മുൻ എസ് പി സുജിത് ദാസ് എന്നിവർക്കെതിരായുള്ള വിജിലൻസ് അന്വേഷണത്തിന് കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിട്ടിരുന്നു. വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്തയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുക. അന്വേഷണ സംഘത്തില്‍ എഡിജിപിയേക്കാള്‍ ഉയര്‍ന്ന റാങ്ക് ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് മാത്രമാണുള്ളത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് എം ആര് അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ശുപാര്‍ശ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹേബ്, മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചത്. ഒരാഴ്ചയ്ക്ക് ശേഷം സെപ്റ്റംബർ 19നാണ് ഡിജിപിയുടെ ശുപാര്‍ശയില്‍ ആഭ്യന്തര വകുപ്പ് എം ആര് അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നത്.
ആദ്യ ഘട്ടത്തിൽ കേസെടുക്കാതെ പ്രാഥമിക അന്വേഷണമാണ് നടത്തുക. തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിനാണ് അന്വേഷണ ചുമതല. വിജിലൻസ് മേധാവിയുടെ മേൽനോട്ടത്തിൽ എസ് പി ജോൺ കുട്ടിയാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരനായ പി വി അൻവ്വർ എം എൽ എ യുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തും. അതേസമയം, അന്വേഷണം ആരംഭിക്കുന്ന സാഹചര്യത്തില്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്ന് ഒഴിവാക്കുകയോ അവധിയില്‍ പോകാന്‍ നിര്‍ദേശിക്കുകയോ ചെയ്യുമെന്നാണ് സൂചന.