Kerala News

ബംബറടിച്ച് ഓണം ബംബർ വിൽപന. 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബംബർ

തിരുവനന്തപുരം: ബംബറടിച്ച് ഓണം ബംബർ വിൽപന. 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബംബർ ഇതുവരെ വിറ്റഴിച്ചത് 25,93,358 ടിക്കറ്റുകളാണ്. ഇന്ന് മാത്രം വിറ്റത് 1,03,430 ടിക്കറ്റുകളാണ്. ഭാ​ഗ്യം പരീക്ഷിക്കാൻ പാലക്കാട് ജില്ലക്കാരാണ് മുന്നിൽ. പാലക്കാട് മാത്രം ഇതുവരെ അഞ്ച് ലക്ഷത്തോളം ടിക്കറ്റാണ് വിൽപന നടത്തിയത്. മൂന്നര ലക്ഷം ടിക്കറ്റ് വിറ്റ് തിരുവനന്തപുരം രണ്ടാം സ്ഥാനത്തെത്തി. ഒട്ടും പിന്നിലല്ലാതെ കുതിച്ച് മൂന്ന് ലക്ഷം ടിക്കറ്റ് വിറ്റ് തൃശൂരാണ് മൂന്നാം സ്ഥാനത്ത്.

500 രൂപയാണ് ടിക്കറ്റിന്റെ വില. ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലികൾക്ക് 25 കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനവും കോടികളാണ്. ഭാ​ഗ്യാന്വേഷികളിലെ 20 പേർക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം. സമ്മാനാർഹമായ ലോട്ടറി വിൽക്കുന്ന ഏജന്റിനും കമ്മീഷൻ ലഭിക്കും. അതായത് ഇക്കുറി 22 കോടിപതികളായിരിക്കും ഉണ്ടാവുക.

50 ലക്ഷം രൂപ വീതം 20 പേർക്കെന്നതാണ് മൂന്നാം സമ്മാനം. 10 പേർക്ക് അഞ്ച് ലക്ഷമാണ് നാലാം സമ്മാനം. അ‍ഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയാണ്. 5000, 2000, 1000, 500 എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ. ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒൻപതു സീരീസുകളിലെ അതേ നമ്പരുകൾക്ക് സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതം ലഭിക്കും.

ഇക്കുറി ബംബറിന്റെ ആദ്യ ഘട്ട വിൽപനയിൽ തന്നെ ആറ് ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ടിരുന്നു. പത്ത് ലക്ഷം ടിക്കറ്റുകളായിരുന്നു ആദ്യം അച്ചടിച്ചിരുന്നത്. പരമാവധി അച്ചടിക്കാൻ കഴിയുന്ന 90 ലക്ഷം ടിക്കറ്റുകൾ ഇത്തവണ വിറ്റഴിക്കാനാണ് സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ശ്രമം.

Related Posts

Leave a Reply