Kerala News

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു; കൊന്നത് സഹോദരൻ, അമ്മയും പിടിയിൽ

പീരുമേട്: ഇടുക്കി പീരുമേട്ടിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. പീരുമേട് പ്ലാക്കത്തടം സ്വദേശി അഖിൽ ബാബുവിനെയാണ് കഴിഞ്ഞ ദിവസം വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അഖിലിന്‍റെ സഹോദരൻ അജിത്ത്, അമ്മ തുളസി എന്നിവരെ പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രിയിലാണ് വീടിനു സമീപത്ത് പ്ലാസ്റ്റിക് ഹോസ് ഉപയോഗിച്ച് കവുങ്ങിൽ കെട്ടിയിട്ട നിലയിൽ അഖിലിനെ കണ്ടെത്തിയത്.

നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പ്രാഥമിക അന്വേഷണത്തിൽ കൊലപാതകം എന്ന് സൂചന ലഭിച്ചതോടെയാണ് അഖിലിന്റെ സഹോദരൻ അജിത്തിനെയും അമ്മ തുളസിയെയും പൊലീസ് ചോദ്യം ചെയ്തത്. പരസ്പര വിരുദ്ധമായ ഉത്തരങ്ങൾ പറഞ്ഞ ഇരുവരും പിന്നീട് കുറ്റം സമ്മതിച്ചു. മദ്യലഹരിയിൽ വീട്ടിലെത്തിയ അഖിൽ സഹോദരൻ അജിത്തുമായി വാക്ക് തർക്കം ഉണ്ടാക്കി. തർക്കം തടയാൻ എത്തിയ അമ്മ തുളസിയെ തള്ളിയിട്ടതോടെ പ്രകോപിതനായ അജിത്ത് അഖിലിന്റെ തലയിൽ കമ്പിവടി വച്ച് അടിക്കുകയായിരുന്നു.

ബോധരഹിതനായ അഖിലിനെ പിന്നീട് വീടിന് സമീപത്തെ കവുങ്ങിൽ സഹോദരൻ കെട്ടിയിട്ടു. തലക്കേറ്റ ക്ഷതവും രക്തസ്രാവവുമാണ് മരണകാരണം. കുറ്റം സമ്മതിച്ച അജിത്തിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകം മറച്ചുവെക്കാൻ ശ്രമിച്ചതിനാണ് അമ്മ തുളസിക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Related Posts

Leave a Reply