ലൈംഗിക പീഡനക്കേസില്‍ നടനും എംഎല്‍എയുമായ എം മുകേഷിനും നടന് ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് ഹണി എം വര്‍ഗീസിന്റെ ബെഞ്ചാണ് ജാമ്യം നല്‍കിയത്. പീഡനക്കേസില്‍ ഇരുവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യമാണ് കോടതി മുന്നോട്ടുവച്ചത്. ഈ ആവശ്യം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി.
അഭിഭാഷകനായ വി എസ് ചന്ദ്രശേഖരന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി ശനിയാഴ്ചത്തേക്ക് മാറ്റി. കൂടുതല്‍ വാദം കേള്‍ക്കേണ്ട സാഹചര്യത്തിലാണ് വിധി മാറ്റിയത്. മണിയന് പിള്ള രാജുവും ഫോര്‍ട്ട് കൊച്ചി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റകൃത്യമായതിനാല്‍ അത് രേഖപ്പെടുത്തിയ കോടതി ഹര്‍ജി തീര്‍പ്പാക്കി. കൊച്ചിയിലെ നടിയുടെ പരാതിയില്‍ നാല് സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് കേസെടുത്തത്. ആരോപണ വിധേയരായ ഏഴ് പേരും വിവിധയിടങ്ങളില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്.
മണിയന്‍പിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നുമാണ് നടിയുടെ വെളിപ്പെടുത്തല്‍. കലണ്ടര്‍ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ വെച്ച് മുകേഷ് കടന്നുപിടിച്ചത്.താന്‍ എതിര്‍ത്തതിന്റെ പേരില്‍ അമ്മയിലെ തന്റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളിയെന്ന് നടി വെളിപ്പെടുത്തിയിരുന്നു.