India News

ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ എന്ന നേട്ടം സ്വന്തമാക്കി ഗൗതം അദാനി.

ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ എന്ന നേട്ടം സ്വന്തമാക്കി ഗൗതം അദാനി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളിയാണ് ഈ നേട്ടം. ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടികയിലാണ് 11.6 ലക്ഷം കോടി രൂപ ആസ്തിയുമായി ഗൗതം അദാനിയും കുടുംബവും ഒന്നാം സ്ഥാനത്തേക്ക് കയറിയത്. 2024 ജൂലൈ 31 വരെയുള്ള കണക്കുകൾ‍ പ്രകാരമാണ് ഹുറൂൺ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 10.14 ലക്ഷം കോടി രൂപ ആസ്തിയുമായി മുകേഷ് അംബാനിയും കുടുംബവും രണ്ടാമതാണ്. 3.14 ലക്ഷം കോടി രൂപ ആസ്തിയുമായി എച്ച്‌സിഎല്‍ ഗ്രൂപ്പ് സാരഥി ശിവ് നാടാരും കുടുംബവുമാണ് മൂന്നാം സ്ഥാനത്ത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി സൈറസ് എസ് പൂനാവാലയും കുടുംബവും 2.89 ലക്ഷം കോടിയുമായി നാലാംസ്ഥാനത്തെത്തി.

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ ആദ്യമായി ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ ഇടം നേടി. ‘കിങ് ഖാന്റെ’ ആസ്തി 7,300 കോടി രൂപയാണെന്ന് പട്ടിക വ്യക്തമാക്കുന്നു. ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് എന്നിവയുടെ ഉടമസ്ഥനെന്ന നിലയിൽ ആസ്തിയിലുണ്ടായ വർധന ഖാന് നേട്ടമായി. പട്ടികയില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പ്രവാസി ഇന്ത്യക്കാരില്‍ എട്ടാംസ്ഥാനത്താണ്.

ക്വിക്ക് കൊമേഴ്‌സ് സ്റ്റാർട്ടപ്പായ സെപ്‌റ്റോയുടെ സഹസ്ഥാപകരായ കൈവല്യ വോഹ്‌റ (22), ആദിത് പാലിച്ച (23) എന്നിവരാണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാർ. നാല്പത്തിരണ്ടുകാരിയായ നേഹ ബൻസാൽ ആണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ സംരംഭക. ലെൻസ്കാർട്ടിൻ്റെ സഹസ്ഥാപകയാണ് നേഹ ബൻസാൽ. സ്ത്രീകളിൽ, സോഹോയിലെ രാധ വെമ്പുവാണ് ഹുറുൺ ഇന്ത്യ പട്ടികയിലെ ഏറ്റവും ധനികയായ സ്ത്രീ.

രാജ്യത്ത് ഏറ്റവും അധികം ആസ്തിയുടെ ഫാമിലി ബിസിനസ് (25.75 ലക്ഷം കോടി) നടത്തുന്നത് അംബാനി കുടുംബമാണ്. രണ്ടാം സ്ഥാനം ബജാജ് ഫാമിലിയും (7.13 ലക്ഷം കോടി) സ്വന്തമാക്കി. ബിർള കുടുംബമാണ് (5.39 ലക്ഷം കോടി) മൂന്നാം ‌സ്ഥാനത്ത്. സമ്പന്നരായ ആദ്യ-തലമുറ കുടുംബങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് അദാനി കുടുംബമാണ്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പൂനവാല കുടുംബമാണ് രണ്ടാമത്.

അതേസമയം, 2024-ലെ ഹുറൂൺ ഇന്ത്യ പട്ടികയിൽ 1,539 അതിസമ്പന്നരാണ് ഉള്ളത്. കഴിഞ്ഞ വര്ഷം 220 പേരാണ് പട്ടികയിൽ ഇടം പിടിച്ചതെങ്കിൽ ഇത്തവണ അത് 272 പേരായെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഏഷ്യയുടെ തന്നെ സമ്പത്തുത്പാദന എഞ്ചിനായി ഇന്ത്യ വളരുകയാണെന്നും ഹുറൂൺ ഇന്ത്യ സ്ഥാപകൻ റഹ്മാൻ ജുനൈദ് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ 25 ശതമാനം ഇടിവാണ് ചൈനയിൽ രേഖപ്പെടുത്തുന്നത്. എന്നാൽ ഇന്ത്യയിൽ 29 ശതമാനം വളർച്ചയാണ് സംഭവിക്കുന്നത്. റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ മൊത്തം ശതകോടീശ്വരന്മാരുടെ എണ്ണം 334 ആണ് .

Related Posts

Leave a Reply