Kerala News

ഹൈദരാബാദിലെ മയക്കുമരുന്ന് നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി ഉടമസ്ഥനെ അറസ്റ്റ് ചെയ്ത് കേരള പൊലീസ്.

തിരുവനന്തപുരം: ഹൈദരാബാദിലെ മയക്കുമരുന്ന് നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി ഉടമസ്ഥനെ അറസ്റ്റ് ചെയ്ത് കേരള പൊലീസ്. എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണത്തിന് ഒടുവിലാണ് ഹൈദരാബാദിലെ സിന്തറ്റിക് മയക്കുമരുന്ന് നിര്‍മ്മാണ കേന്ദ്രം കണ്ടെത്തിയതെന്നും ഇത് ചരിത്ര നേട്ടമാണെന്നും കേരള പൊലീസ് പറയുന്നു. ജൂലൈ രണ്ടിന് ഒല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് എംഡിഎംഎ കൈവശം വെച്ചയാളെ പൊലീസ് പിടികൂടുന്നത്.

ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ വീട്ടില്‍ നിന്ന് രണ്ടരകിലോ മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. തുടരന്വേഷണത്തില്‍ ഇയാള്‍ക്ക് മയക്കുമരുന്ന് നല്‍കിയ മൂന്നുപേരെ അന്വേഷണസംഘവും തൃശൂര്‍ ലഹരി വിരുദ്ധസേനയും ചേര്‍ന്ന് ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.

മയക്കുമരുന്ന് ഹൈദരാബാദില്‍ നിന്നാണ് എത്തിച്ചതെന്ന് ഇവരില്‍ നിന്ന് മനസ്സിലാക്കി. മയക്കുമരുന്ന് ഇവര്‍ക്ക് നല്‍കിയയാളെ ഹൈദരാബാദിലെത്തി അന്വേഷണസംഘം പിടികൂടി. അവിടെയുള്ള മയക്കുമരുന്ന് നിര്‍മ്മാണകേന്ദ്രത്തിന്റെയും ഉടമയുടെയും വിവരവും പ്രതിയില്‍ നിന്ന് ലഭിച്ചു. ഹൈദരാബാദ് കക്കാട്ടുപള്ളി നരസിംഹ രാജുവിന്റേതാണ് മയക്കുമരുന്ന് നിര്‍മ്മാണകേന്ദ്രം. അയാളെ അറസ്‌ററ് ചെയ്യുകയും ലഹരിമരുന്ന് നിര്‍മ്മാണകേന്ദ്രം പോലീസ് കണ്ടെത്തുകയും ചെയ്തു. വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ വന്‍തോതില്‍ മയക്കുമരുന്ന് ഉല്പാദിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു.

തൃശ്ശൂര്‍ റീജണല്‍ ഫോറന്‍സിക് സയന്‍സ് ലാബിലെ സയന്റിഫിക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ലാബില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎ നിര്‍മ്മിക്കുന്ന രാസവസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. തങ്ങളെപോലും ഞെട്ടിപ്പിക്കുന്ന ആധുനിക വിദേശ ഉപകരണങ്ങള്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. മൂത്രാശയം, വൃക്ക എന്നീ അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കായി നിര്‍മ്മിക്കുന്ന മരുന്നുകളുടെ മറവിലാണ് ലഹരിവസ്തുക്കള്‍ ഉല്‍പ്പാദിപ്പിച്ചിരുന്നത്.

അറസ്റ്റിലായ ഫാക്ടറി ഉടമസ്ഥനായ പ്രതി ഹൈദരാബാദിലെ അറിയപ്പെടുന്ന സിനിമ നിര്‍മാതാവും ശതകോടീശ്വരനും ആണ്. രണ്ടുപതിറ്റാണ്ടിലേറെയായി കെമിക്കല്‍ ബിസിനസിലുള്ള ഇയാള്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് കെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയുണ്ട്. സിനിമ മേഖലയിലും ഇയാള്‍ മയക്കുമരുന്ന് വിതരണം നടത്തിയിട്ടുണ്ടാകാമെന്ന് സംശയിക്കുന്നു. ലഹരിമരുന്ന് വിദേശത്തേക്കും സിനിമാ മേഖലയിലും വിതരണം നടത്തിയതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുരകയാണെന്ന് പൊലീസ് പറയുന്നു.

തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ ആര്‍, മുന്‍ ഒല്ലൂര്‍ എസിപി മുഹമ്മദ് നദീമുദീന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അന്വേഷണം തുടങ്ങിയപ്പോഴത്തെ ഒല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ അജീഷ് എ, ഇപ്പോഴത്തെ ഇന്‍സ്‌പെക്ടര്‍ ബെന്നി ജേക്കബ്, തൃശ്ശൂര്‍ സിറ്റി ലഹരിവിരുദ്ധ സേനയിലെയും ഒല്ലൂര്‍ പോലീസ് സ്റ്റേഷനിലേയും എസ്.ഐ മാരായ എഫ്.ഫയാസ്, കെ.സി ബൈജു, രാകേഷ്, ജയന്‍ ടി. ജി, എ.എസ് ഐമാരായ ടി.വി ജീവന്‍, പ്രതീഷ് ഇ. സി, എസ് സി പി ഒ ഉല്ലാസ് പോള്‍, സി പി ഒമാരായ എം എസ് ലികേഷ്, കെ.ബി വിപിന്‍ ദാസ്, അബീഷ് ആന്റണി എന്നിവരും തൃശൂര്‍ റീജണല്‍ ഫോറന്‍സിക് സയന്‍സ് ലാബിലെ സയന്റിഫിക് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ സാഹസികവും ശാസ്ത്രീയവുമായ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related Posts

Leave a Reply