Uncategorized

നടന്‍ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പണംവാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും.

കോഴിക്കോട്: സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പണംവാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. നിര്‍മാതാവും സംവിധായകനുമായ കെ എ ദേവരാജന്‍ നല്‍കിയ അപ്പീല്‍ കോഴിക്കോട് അഞ്ചാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പരിഗണിക്കുക. ജൂലൈ ഒമ്പതിന് കേസ് പരിഗണിച്ച കോടതി ആഗസ്റ്റ് 30ന് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു.

‘സ്വപ്നമാളിക’ എന്ന സിനിമയ്ക്ക് വേണ്ടി മോഹൻലാലും ആന്റണി പെരുമ്പാവൂരും 30ലക്ഷം രൂപയുടെ ചെക്ക് 2007 മാർച്ച് 29 ന് കൈപറ്റിയെന്നും തുടർന്ന് ചിത്രവുമായി സഹകരിക്കാതെ വഞ്ചിച്ചെന്നുമാണ് ദേവരാജന്റെ പരാതി. മനോരമ ആഴ്ചപതിപ്പിൽ മോഹൻലാൽ എഴുതിയ ‘തർപ്പണം’ എന്ന കഥയാണ് ‘സ്വപ്‌നമാളിക’ എന്ന പേരിൽ സിനിമയാവാനിരുന്നത്.

മോഹൻലാലിന്റെ കഥ സിനിമയാകുന്നു എന്ന നിലയിൽ അടക്കം ശ്രദ്ധനേടിയ ചിത്രം 2008 ൽ പുറത്തിറങ്ങേണ്ടതായിരുന്നു. 2007 ൽ ചിത്രീകരണം ആരംഭിച്ച സിനിമ എന്നാൽ പലകാരണങ്ങളാൽ മുടങ്ങി. തങ്ങളുടെ അനുവാദമില്ലാതെ കഥയിലും തിരക്കഥയിലും മാറ്റം വരുത്തിയെന്നാരോപിച്ച് മോഹൻലാലും തിരക്കഥ എഴുതിയ എസ് സുരേഷ്ബാബുവും സംവിധായകൻ ദേവരാജിനെതിരെ കോടതിയെ സമീപിച്ചിരുന്നു.

ഇതേ ചിത്രത്തിന്റെ പേരിൽ നേരത്തെ സിനിമാ താരങ്ങളായ മീരാജാസ്മിൻ, പൃഥ്വിരാജ് എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് ദേവരാജൻ പരാതി നൽകിയിരുന്നു. അഡ്വാൻസ് ആയി പണം വാങ്ങിയെന്നും പിന്നീട് ചിത്രത്തിൽ അഭിനയിച്ചില്ലെന്നുമായിരുന്നു പരാതി. കേസ് കോടതിയിൽ എത്തിയതോടെ അഡ്വാൻസ് തുക താരങ്ങൾ തിരികെ നൽകി കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു.

 

Related Posts

Leave a Reply