മാധ്യമപ്രവർത്തകർക്കെതിരായ കയ്യേറ്റത്തിന് പിന്നാലെ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്ക് സുരക്ഷ കൂട്ടി. ഇന്ന് തൃശൂരിലെ പരിപാടിയിൽ സുരേഷ് ഗോപിക്ക് സുരക്ഷയൊരുക്കിയത് 30 ഓളം പൊലീസുകാരെയാണ്. ചോദ്യം ചോദിച്ചതിൽ പ്രകോപിതനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരില്‍ മാധ്യമപ്രവര്‍ത്തരെ കൈയ്യേറ്റം ചെയ്യുകയായിരുന്നു.
രാമനിലയത്തിലെത്തിയ മാധ്യമങ്ങളെ പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് തള്ളിമാറ്റുകയായിരുന്നു സുരേഷ് ഗോപി. എന്റെ വഴി എന്റെ അവകാശമാണെന്നും പ്രതികരിക്കാൻ സൗകര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടായിരുന്നു പ്രകോപനം.
മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും. പരാതികൾ ആരോപണത്തിന്റെ രൂപത്തിലാണ് നിൽക്കുന്നത്. കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട്. കോടതി തീരുമാനിക്കും. ആടുകളെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുക മാത്രമല്ല, സമൂഹത്തിന്റെ മാനസികാവസ്ഥയെ തകിടം മറക്കുകയാണ് മാധ്യമങ്ങൾ. സർക്കാർ കോടതിയിൽ ചെന്നാൽ കോടതി എടുക്കും, എടുത്തോട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
എന്നാൽ സുരേഷ് ഗോപിയുടെ നിലപാടിനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗതത്തെത്തി. ചലച്ചിത്ര നടനെന്ന നിലയിൽ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാമെന്നും ബിജെപിയുടെ നിലപാട് പാർട്ടി നേതൃത്വം പറയുന്നതാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സുരേഷ് ഗോപി പറയുന്നതല്ല പാർട്ടി നിലപാട്, മുകേഷ് രാജി വെക്കണം എന്ന് തന്നെയാണ് ബിജെപി നിലപാടെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.