മലപ്പുറം ജില്ലയിലെ നിപ പ്രതിരോധം വിജയമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. റിപ്പോർട്ട് ചെയ്യപ്പെട്ട കേസിൽ നിന്ന് മറ്റൊരു കേസ് ജില്ലയിൽ ഇല്ല. 42 ദിവസം ഡബിൾ ഇൻക്യൂബേഷൻ പീരിയഡ് പൂർത്തിയാക്കി. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 472 പേരെയും പട്ടികയിൽ നിന്ന് ഒഴിവാക്കി. പ്രത്യേക കൺട്രോൾ റൂം പ്രവർത്തനം അവസാനിപ്പിച്ചു.
രണമടഞ്ഞ കുട്ടിക്ക് മാത്രമാണ് നിപ്പ സ്ഥിരീകരിച്ചത്. ഇൻകുബേഷൻ പീരീഡ് കഴിഞ്ഞെങ്കിലും ജാഗ്രത തുടരണമെന്ന് മന്ത്രി നിർദേശം നൽകി. സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരുടേയും സാമ്പിളുകൾ പരിശോധിച്ച് നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഐസിഎംആറുമായി ചേർന്നുള്ള മറ്റ് പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി നടന്നു വരുന്നുണ്ട്. ഇവിടെ നിന്നും ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളിൽ നിപ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിരുന്നുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
മലപ്പുറത്ത് നിപ വൈറസ് സംശയിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. ദിവസവും മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗങ്ങൾ നടത്തി തുടർനടപടി സ്വീകരിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി നിപ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി 25 കമ്മിറ്റികൾ മണിക്കൂറുകൾക്കുള്ളിൽ രൂപീകരിച്ചു. കോണ്ടാക്ട് ട്രേയ്‌സിംഗ് അന്ന് രാവിലെ മുതൽ ആരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന നിപ കൺട്രോൾ റൂം ആരംഭിച്ചു. നിപ സമ്പർക്ക പട്ടിക തയ്യാറാക്കുകയും റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. മാർഗനിർദേശങ്ങൾക്ക് അനുസൃതമായി രോഗ സാധ്യതയുള്ള എല്ലാവരുടെയും സാമ്പിളുകൾ പരിശോധിച്ചു.