തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയെ കണ്ടെത്താൻ കേരള പൊലീസ് സംഘം തമിഴ്നാട്ടിലേക്ക് പുറപ്പെട്ടു. വനിത പൊലീസ് ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘമാണ് കന്യാകുമാരിയിലേക്ക് പുറപ്പെട്ടത്. പെണ്‍കുട്ടി ബെംഗളൂരു -കന്യാകുമാരി എക്സ്പ്രസില്‍ യാത്ര ചെയ്തുവെന്നും പാറശ്ശാല വരെ കുട്ടി ട്രെയിനിലുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.
കന്യാകുമാരി എസ് പിയേയും ആർ.പി.എഫ് കൺട്രോൾ റൂമിനേയും കേരള പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. കന്യകുമാരിക്ക് മുൻപ് പെൺകുട്ടി ഇറങ്ങാൻ സാധ്യതയുണ്ട്. നാഗർകോവിൽ എസ്പിയേയും വിവരം അറിയിച്ചിട്ടുണ്ടെന്ന് ഡിസിപി പറഞ്ഞു.
ബാംഗ്ലൂർ കന്യാകുമാരി ട്രെയിനിൽ പെൺകുട്ടി യാത്ര ചെയ്തതായി വിവരം ലഭിച്ചതോടെയാണ് അന്വേഷണം കകന്യാകുമാരിയിലേക്ക് വ്യാപിപ്പിക്കുന്നത്. ട്രെയിനിൽ ഇരുന്നു കരയുന്നതു കണ്ട ഒരു യാത്രക്കാരി ഫോട്ടോ എടുത്തിരുന്നു. ഇതാണ് കേസിൽ വഴിത്തിരിവായത്. ബവിത എന്ന യാത്ര കാരിയാണ് ചിത്രം എടുത്തത്. പാറശാലയിൽ നിന്നാണ് ഇവർ ട്രെയിനിൽ കയറിയത്.
പെൺകുട്ടി ട്രെയിനിൽ ഉടനീളം കരഞ്ഞുവെന്ന് ബവിത പറഞ്ഞു. തമ്പനൂരിൽ നിന്നാണ് പെൺകുട്ടി ട്രെയിനിൽ കയറിയത്. 3.30 ട്രെയിൻ കന്യാകുമാരിയിൽ എത്തി. കേരള പോലീസ് സംഘം ഉടൻ കന്യാകുമാരിയിലെത്തും. ട്രെയിനിലിരുന്ന കുട്ടി യാത്ര ചെയ്യുന്ന ഫോട്ടോ കുട്ടിയുടെ പിതാവ് തിരിച്ചറിഞ്ഞിട്ടുണ്ട്.