നന്ദിഗ്രാം: യുവ ഡോക്ടറെ കൊലപ്പെടുത്തിയ വാർത്തയിൽ രാജ്യമാകെ വിറങ്ങലിച്ചുനിൽക്കേ പശ്ചിമ ബംഗാളിൽ വീണ്ടും സ്ത്രീകൾക്ക് നേരെ അതിക്രമം. നന്ദിഗ്രാമിൽ യുവതിയെ ബിജെപി നേതാവ് നഗ്നയാക്കി വലിച്ചിഴച്ചതായും ക്രൂരമായി മർദ്ദിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നന്ദിഗ്രാം ബിജെപി ബൂത്ത് പ്രസിഡന്റ് തപൻ ദാസിനെതിരെയാണ് ആരോപണം. യുവതി കുടുംബത്തോടൊപ്പം വീട്ടിരിക്കെ പൊടുന്നനെ തപൻ ദാസ് വീട്ടിലേക്ക് കയറിവന്ന് യുവതിയെ മർദ്ദിക്കാൻ ആരംഭിച്ചു. യുവതിയെ വീടിന് പുറത്തേയ്ക്ക് കൊണ്ടുവന്ന്, നഗ്നയാക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. മർദ്ദനത്തിനിടെ സംഭവമറിഞ്ഞ് പൊലീസ് വന്നതോടെ പ്രതികൾ ഓടിരക്ഷപ്പെടുകയായിരുന്നു.
ബിജെപിയിൽ നിന്ന് തൃണമൂലിലേക്ക് മാറിയതാണ് തന്നെ പ്രതികൾ മർദിക്കാനുള്ള കാരണമെന്നാണ് യുവതി പറയുന്നത്. എന്നാൽ സംഭവം ബിജെപി നിഷേധിച്ചിട്ടുണ്ട്. മർദ്ദനത്തിന് കാരണം കുടുംബപ്രശ്നമാണെന്നും രാഷ്ട്രീയനിറമില്ലെന്നുമാണ് ബിജെപി പറയുന്നത്.
അതേസമയം, കൊൽക്കത്ത ലൈംഗികാതിക്രമ കൊലപാതകത്തിൽ പ്രതിയുടെ സൈക്കോ അനാലിസിസ് പരിശോധന നടത്താനൊരുങ്ങുകയാണ് സിബിഐ. ഇതിനായി വിദഗ്ധ സംഘം ഡല്‍ഹിയിൽ നിന്ന് കൊൽക്കത്തയിലെത്തി.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം കനത്തിരിക്കെ സംസ്ഥാനങ്ങളിൽ നിരീക്ഷണം ശക്തമാക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത്തരത്തിലൊരു നിർദേശം സംസ്ഥാനങ്ങൾക്ക് കൈമാറിയത്. ഓരോ രണ്ട് മണിക്കൂറിലും ക്രമസമാധാന സ്ഥിതി സംബന്ധിച്ച റിപ്പോർട്ട് നൽകാനാണ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്.