Kerala News

പുതുപ്പള്ളിയില്‍ കലാശക്കൊട്ട്; ആവേശക്കൊടുമുടിയിൽ പ്രവർത്തകർ

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. കലാശക്കൊട്ടിലേക്കുള്ള അവസാനവട്ട ഓട്ടപ്പാച്ചിലിലാണ് മുന്നണികൾ. റോഡ് ഷോയും തിരക്കിട്ട പ്രചാരണവുമായി അവസാനവോട്ടും തങ്ങളുടെ പാളയത്തിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. ഇന്ന് വൈകിട്ട് ആറ് മണിക്കാണ് പരസ്യപ്രചാരണം അവസാനിക്കുക. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്.

പരസ്യ പ്രചാരണം അവസാന നിമിഷത്തേക്ക് നീങ്ങുമ്പോൾ മൂന്ന് മുന്നണിയുടെയും സ്ഥാനാർത്ഥികളും പ്രവർത്തകരും വലിയ ആത്മവിശ്വാസത്തിലാണ്. റോഡുകളിൽ പ്രകടനം തുടങ്ങിക്കഴിഞ്ഞു. പാമ്പാടിയിലാണ് കൊട്ടിക്കലാശം. കൊട്ടിക്കലാശം വലിയ ശക്തി പ്രകടനം ആക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് യുഡിഎഫും എൽഡിഎഫും എൻ‍ഡിഎയും.

പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് മുഴുവൻ സമയ റോഡ് ഷോയിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എട്ട് പഞ്ചായത്തുകളും പിന്നിട്ട് വൈകിട്ട് നാലിന് പാമ്പാടിയിൽ എത്തിച്ചേരും. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പ്രവർത്തകർക്കൊപ്പം വോട്ടർമാരെ നേരിൽ കാണുകയാണ്. മണ്ഡലത്തിനു പുറത്തുള്ള നേതാക്കൾ ഇന്ന് അഞ്ച് മണിയോടെ പുതുപ്പള്ളി വിടും.

എൻഡിഎ സ്ഥാനാർഥി ലിജിൻലാൽ അകലകുന്നം, അയർക്കുന്നം, പാമ്പാടി പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് വോട്ടർമാരെ നേരിൽ കാണുന്നത്. കൊട്ടിക്കലാശ പരിപാടികൾക്കായി പാമ്പാടിക്ക് സമീപം സ്ഥാനാർത്ഥിയും പ്രവർത്തകരും ഒത്തുചേരും.

Related Posts

Leave a Reply