തൃശ്ശൂര്‍: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പൊലീസ് നടത്തിയ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മനുഷ്യത്വം വിവിധ സേനകളുടെ മുഖ മുദ്രയാകുന്ന സന്ദര്‍ഭങ്ങളാണ് കണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കേരള ആംഡ് വനിത പൊലീസ് ബറ്റാലിയന്റേയും മലബാര്‍ സ്പെഷ്യല്‍ പൊലീസിന്റേയും പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടിലെ ദുരന്തം ദേശീയതലത്തില്‍ തന്നെ വലുതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം ജീവന് പോലും മറന്നുള്ള രക്ഷാദൗത്യമാണ് വയനാട്ടില്‍ പൊലീസ് ഏറ്റെടുത്തത്. അഗ്നിരക്ഷാസേന, സൈന്യം, ദുരന്തനിവാരണ സേന തുടങ്ങിയവരെല്ലാം ഒന്നിച്ചു പ്രവര്‍ത്തിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദുരന്ത മുഖങ്ങളില്‍ കേരളം കാത്തുസൂക്ഷിക്കുന്ന മനഷ്യസ്നേഹത്തിന്റെ ഈഷ്മളത നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്തം കേരള പൊലീസിന്റെ ഭാഗമാകുന്ന ഓരോ അംഗത്തിനും ഉണ്ട്. നാടിനെയാകെ നടുക്കിയ ദുരന്തത്തിന്റെ അലയൊലികള്‍ കെട്ടടങ്ങിയിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.